മിഴിതുറക്കുന്നത് 38 എ.ഐ കാമറക്കണ്ണുകൾ
text_fieldsതൊടുപുഴ: ജില്ലയിൽ സ്ഥാപിച്ച 38 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) കാമറകൾ 20ന് മിഴി തുറക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. കാമറകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയർ പൂർണ സജ്ജമായ സാഹചര്യത്തിലാണ് പ്രവർത്തനം തുടങ്ങുന്നത്. മോട്ടോർ വാഹന നിയമലംഘനങ്ങൾ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയാൻ സ്ഥാപിച്ചതാണ് എ.ഐ കാമറകൾ.
കെൽട്രോണിനാണ് പദ്ധതിയുടെ ചുമതല. കാമറകൾ സ്ഥാപിച്ചിട്ട് നാളുകളായെങ്കിലും പ്രവർത്തനം തുടങ്ങുന്നത് നീണ്ടുപോകുകയായിരുന്നു.
കാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ തൽസമയം പരിശോധിച്ച് നിയമലംഘനം കണ്ടെത്തി വാഹൻ സോഫ്റ്റ് വെയറിന് കൈമാറി അതിൽ തന്നെ പിഴയുടെ ചെലാൻ തയാറാക്കുന്ന രീതിയിലാണ് പദ്ധതി. നിയമലംഘനം കണ്ടെത്തിയാലുടൻ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരം തുടങ്ങിയവയും പുതിയ കാമറയിൽ പതിയും.
ഇതോടൊപ്പം പൊലീസും ജില്ലയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം കാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല.
ഹെൽമറ്റില്ലാത്ത യാത്രയും ഇരുചക്ര വാഹനത്തിൽ രണ്ടിലേറെപ്പേർ സഞ്ചരിക്കുന്നതും കാമയിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. വാഹനത്തിെൻറ അകത്തെ ചിത്രം പകർത്തി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നുവരെ കണ്ടെത്തും. കൺട്രോൾ റൂമിലെ കമ്പ്യൂട്ടറിൽ നിയമലംഘനം നടത്തുന്നവരുടെ പിഴയുടെ ചെല്ലാൻ ഓട്ടോമാറ്റിക്കായി തയാറാക്കി ഉടമക്ക് ഫോണിൽ അറിയിപ്പ് നൽകും.
800 മീറ്റർ ദൂര പരിധിയിലുള്ള നിയമലംഘനം കണ്ടെത്താൻ കാമറക്ക് കഴിയും. നാല് മീറ്ററോളം ഉയരത്തിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിൽ വർധിച്ചുവരുന്ന അപകടങ്ങളുടെ നിരക്ക് കുറക്കുന്നതിന് ഇത് സഹായമാകുമെന്ന് മോട്ടോർ വാഹന വകുപ്പും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.