ഇടുക്കി ജില്ലക്ക് 50 വയസ്: പുട്ട്സിറ്റി മുതൽ ചൂടൻസിറ്റിവരെ
text_fieldsകൃഷിയുടെയും അണക്കെട്ടിെൻറയും വൈദ്യുതിയുടെയും നാടായ ഇടുക്കി ജില്ലക്ക് 50 വർഷം തികയുകയാണ്. കുടിയേറ്റത്തിെൻറ പൈതൃകവും നാട്ടുപഴമയുടെ ചന്തവും ഇൗ നാടിെൻറ പ്രത്യേകതകളാണ്. പേരിൽ കൗതുകം ഒളിപ്പിച്ചുവെച്ച ഒേട്ടറെ സ്ഥലങ്ങളുടെ സ്വന്തം ജില്ല കൂടിയാണ് ഇടുക്കി. സുവർണ ജൂബിലി നിറവിലെത്തിയ ഇടുക്കിയിലെ അത്തരം സ്ഥലങ്ങളുടെ ചരിത്രവും വിശേഷും തേടി ഒരു യാത്ര...
തൊടുപുഴ: വിമാനത്താവളവും മെട്രോ റെയിലും പോയിട്ട് ഒരു റെയിൽവേ പാളം പോലും ഇടുക്കിയിലില്ല. പക്ഷേ, ജില്ലയിൽ മുക്കിനുമുക്കിന് സിറ്റികൾക്ക് ഒരു കുറവുമില്ല. കുരുവിളയായാലും കുട്ടപ്പനായാലും കുവൈറ്റായാലും മൈക്ക് ആയാലും ഇടുക്കിയിൽ ഇവയെല്ലാം സിറ്റികളാണ്. എന്തിനേറെ പറയുന്നു ഇവിടെ ആത്മാവുപോലും സിറ്റിയിലാണ്. പേരിൽ സിറ്റിയാണെങ്കിലും ഇവയെല്ലാം ചെറുകവലകളാണ്.ഇടുക്കിയുടെ പൈതൃകവുമായി ഏറെ ബന്ധപ്പെട്ടാണ് ഈ സിറ്റികളുടെ പിറവിയും.വിരലിലെണ്ണാവുന്ന കടകൾക്കുപോലും സിറ്റിയെന്ന് പേരു കേൾക്കുമ്പോൾ മറ്റ് ജില്ലക്കാർക്ക് കൗതുകവും തമാശയുമാണ്.
ചെറുതോണി കരിമ്പനിലെ കുട്ടപ്പൻസിറ്റി മുതൽ മാങ്കുളത്തെ കുവൈറ്റ് സിറ്റിവരെ നിരവധി ജനപ്രിയ സിറ്റികളാണ് ഇടുക്കിയിലുള്ളത്. കഞ്ഞിക്കുഴിയിലെ നങ്കി സിറ്റി, കട്ടപ്പനയിലെ നിർമല സിറ്റി, രാജകുമാരിയിലെ കടുക്ക സിറ്റി, ഉപ്പുതോട്ടിലെ ചാലിസിറ്റി, തോപ്രാംകുടിയിലെ സ്കൂൾ സിറ്റി, സേനാപതിയിലെ ആത്മാവ് സിറ്റി, രാജാക്കാട്ടെ വാക്ക സിറ്റി -കലുങ്ക് സിറ്റി, ശാന്തമ്പാറയിലെ വാക്കോടൻ സിറ്റി, ആനച്ചാലിലെ ഈട്ടി സിറ്റി, ഓടക്കസിറ്റി, ഇങ്ങനെ ഇനിയുമുണ്ടേറേ ഇടുക്കിയിൽ സിറ്റികൾ. ജില്ലയിലെ എല്ലാ സ്ഥലനാമങ്ങൾക്കൊപ്പവും സിറ്റിയെന്ന് ആലങ്കാരികമായി ചേർത്ത് വായിക്കുന്നവരാണ് ഇടുക്കിക്കാർ. വിവിധ ജില്ലകളിൽനിന്നെത്തുന്നവർ ഹൈറേഞ്ചിലെത്തി വഴി ചോദിക്കുേമ്പാൾ സിറ്റി കൂട്ടിയാകും പറയുക. ഇവർ സിറ്റികണ്ട് അന്തം വിട്ട് നിൽക്കുേമ്പാൾ ഇടുക്കിക്കാരൻ തനത് ശൈലിയിൽ പറയും. ഇതെക്കെയാണ് ഞങ്ങടെ സ്വന്തം സിറ്റികളെന്ന്.
കുരുവിള സിറ്റി
ആദ്യകാല കുടിയേറ്റക്കർഷകനായിരുന്ന തെക്കനാട്ട് കുരുവിളയുടെ പേരിലുള്ള ഈ സിറ്റി രാജകുമാരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ബാലൻപിള്ള സിറ്റി
പലചരക്ക് കടക്കാരനായിരുന്ന ബാലൻ പിള്ളയുടെ പേരിൽ അറിയപ്പെടുന്ന ഈ സിറ്റി രാമക്കൽമേടിന് സമീപമാണ്.
മൈക്ക് സിറ്റി
ലൗഡ് സ്പീക്കർ എന്ന ചലച്ചിത്രത്തിലൂടെ മലയാളക്കര കണ്ട സിറ്റി. ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടുകാരനായ തൊമ്മിക്കുഞ്ഞിെൻറ വട്ടപ്പേരിൽ അറിയപ്പെടുന്ന സിറ്റി സ്ഥിതി ചെയ്യുന്നത് തോപ്രാംകുടിക്ക് സമീപം.
തൊമ്മൻ സിറ്റി
കൊന്നത്തടി പഞ്ചായത്തിലെ പൊൻമുടിയിൽ വ്യാപാരിയായിരുന്ന തോമസ് എന്നയാളുടെ പേരിൽനിന്നുമാണ് തൊമ്മൻ സിറ്റിയുടെ പിറവി.
പള്ളി സിറ്റി
കൊന്നത്തടിക്ക് സമീപം പൊൻമുടി സെൻറ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഈ സിറ്റി.
ഇലപ്പള്ളി സിറ്റി
മൂലമറ്റത്തുനിന്ന് വാഗമൺ റൂട്ടിൽ സ്ഥിതി ചെയ്യുന്നതാണ് ഈ സിറ്റി.
പുട്ട് സിറ്റി
കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടഭക്ഷണമായ പുട്ട് വിളമ്പാൻ ഒരു ചായക്കട ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഇവിടെയെത്തി പുട്ടും കടലയും കഴിക്കുമായിരുന്നെന്ന് പഴമക്കാർ പറയുന്നു. ഈ പുട്ട് കട ഇരുന്ന സ്ഥലമാണ് പിന്നീട് പുട്ട് സിറ്റിയായതത്രേ.
കുവൈറ്റ്് സിറ്റി
മാങ്കുളം നല്ല തണ്ണിയാറിന് സമീപം കൃഷിയിലൂടെ നേട്ടമുണ്ടാക്കിയ ഒട്ടേറെ പേർ താമസിച്ചിരുന്ന പ്രദേശം കുവൈറ്റ് സിറ്റിയായി അറിയപ്പെടുന്നു.
ചൂടൻ സിറ്റി
കുടിയേറ്റ ഗ്രാമായ ഇവിടെ മാർക്കറ്റ് ഉണ്ടായിരുന്നു. ഇവിടെയെത്തുന്നവർ ചൂടേറിയ വാഗ്വാദവും ബഹളവുമൊക്കെ പതിവായിരുന്ന സാഹചര്യത്തിൽ പണ്ട് ആരോ ഇട്ടതാകാം ഈ പേരെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.