ഉടുമ്പൻചോലയിൽ 67 ക്യാമ്പുകള്‍ സജ്ജം
text_fieldsഉടുമ്പൻചോല: അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 67 ക്യാമ്പുകള്‍ ഉടുമ്പൻചോലയിൽ സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇ.എം. റെജി താലൂക്കുതല അവലോകന യോഗത്തില്‍ അറിയിച്ചു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 28 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേര്‍ മരം വീണ് മരണപ്പെട്ടു. ഇവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കി. ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ ആനവിലാസം വില്ലേജില്‍ ഒന്നാം ഘട്ടത്തില്‍ 15 കുടുംബങ്ങളെയും രണ്ടാം ഘട്ടത്തില്‍ 17 കുടുംബങ്ങളെയും അണക്കര വില്ലേജില്‍ ആറ് കുടുംബങ്ങളെയും ഇരട്ടയാര്‍ വില്ലേജില്‍ 19 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ട മുന്നൊരുക്കം സ്വീകരിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫിസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
ചുറ്റുമതിലില്ലാത്ത കുളങ്ങള്‍ക്കും പടുതക്കുളങ്ങള്‍ക്കും സുരക്ഷാ കവചം ഒരുക്കണമെന്നും തോട്ടം മേഖലയിലെ തൊഴില്‍ നിര്‍ത്തിവെക്കുന്നതിനും നടപടിയുണ്ടാകണമെന്ന് ജില്ല പഞ്ചായത്ത് അംഗം വി.എന്‍. മോഹനന്‍ ആവശ്യപ്പെട്ടു. ലയങ്ങളില്‍ പരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്ന് ലേബര്‍ വകുപ്പ് അറിയിച്ചു.
അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വൽറ്റി സജ്ജമാണെന്നും എമര്‍ജന്‍സി മരുന്നുകൾ എല്ലാം സ്റ്റോക്ക് ഉണ്ടെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് യോഗത്തില്‍ അറിയിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, സപ്ലൈ ഓഫിസ്, പ്ലാന്റേഷന്‍ എന്നീ വകുപ്പുകളില്‍നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.