ഇടുക്കി ജില്ലയിൽ പാഠപുസ്തക വിതരണം 80 ശതമാനം പൂർത്തിയായി; ബസുകളിലെ പരിശോധന തുടരുന്നു
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം 80 ശതമാനവും പൂർത്തിയാക്കി. എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങളുടെ വിതരണവും ഈമാസം അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയും. തമിഴ് മീഡിയം പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടില്ല. അച്ചടി വൈകിയതാണ് തമിഴ് സിലബസ് പുസ്തകങ്ങൾ എത്താൻ വൈകുന്നത്. ചൊവ്വാഴ്ചയോടെ വിതരണം തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
വാഹനങ്ങളുടെ സുരക്ഷ പരിശോധനയും അവസാന ഘട്ടത്തിലാണ്. മോട്ടോർ വാഹന വകുപ്പ് വിവിധ താലൂക്കുകളിലായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷ പരിശോധന എന്നിവ നടത്തിവരുകയാണ്. 31നകം സുരക്ഷ പരിശോധന പൂർത്തിയാക്കി ബസുകൾക്ക് സ്റ്റിക്കറുകൾ നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഫിറ്റ്നസ് ഇല്ലാത്ത ഒരുവിദ്യാലയത്തിലും ജൂൺ ഒന്നിന് അധ്യയനം ആരംഭിക്കാനാവില്ല.
വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണം മാത്രമേ കുട്ടികൾക്ക് നൽകാവൂവെന്നും നിർദേശമുണ്ട്. ഇക്കാര്യം സ്കൂൾ മേലധികാരികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
മഴയിലും ഉഷാറായി സ്കൂൾ വിപണി
അധ്യയനാരംഭം വർണാഭമാക്കാനുള്ള ഒരുക്കം സ്കൂൾ വിപണിയിലും പ്രകടമാണ്. പുത്തൻ ബാഗും കുടയും നോട്ട്ബുക്കും പഠനോപകരണങ്ങളും കുട്ടികൾക്ക് വാങ്ങിക്കൊടുക്കാനുള്ള തിരക്കിലാണ് രക്ഷിതാക്കൾ. മഴ നേരത്തേ തുടങ്ങിയതോടെ കുട വിൽപനയും തകൃതിയാണ്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിൽ ഇത്തവണ അഞ്ചാം ക്ലാസ് തുടങ്ങാനുള്ള നടപടികളും പൂർത്തിയായിവരുകയാണ്.
ഇതുസംബന്ധിച്ച പ്രഖ്യാപനവും പ്രവശനോത്സവത്തിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുതുവാൻ വിഭാഗത്തിൽപെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവർ. ഒന്ന് മുതൽ നാല് വരെ ക്ലാസാണ് ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് തുടർപഠനം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇടമലക്കുടി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.