കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 85കാരിക്ക് സങ്കീർണ ശസ്ത്രക്രിയ
text_fieldsകട്ടപ്പന: പരിമിതസൗകര്യങ്ങളിൽ 85കാരിക്ക് വിജയകരമായി സങ്കീർണ ശസ്ത്രക്രിയ നടത്തി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. കട്ടപ്പന നരിയംപാറ സ്വദേശിനിയായ 85കാരിയുടെ ഇടുപ്പെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് മണിക്കൂറുകളെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും നടത്തുന്ന ശസ്ത്രക്രിയയാണ് പരിമിത സൗകര്യം ഉപയോഗിച്ച് നടത്തിയത്.
വീണതിനെ തുടർന്ന് ഇടുപ്പെല്ല് തകർന്ന വയോധികയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായക്കൂടുതലും ഹൃദ്രോഗവും അനസ്തേഷ്യ നൽകുന്നതിന് വെല്ലുവിളിയായെങ്കിലും ഡോക്ടർമാർ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപയോളം ചെലവ് വരുന്നതാണ് ശസ്ത്രക്രിയ. താലൂക്ക് ആശുപത്രികളിൽ അപൂർവമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. ഇത് രണ്ടാം തവണയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയ നടത്തുന്നത്. ഓർത്തോ സർജൻ ഡോ. ജിശാന്ത് ബി.ജയിംസ്, അനസ്തെറ്റിസ്റ്റ് എസ്.എസ്. നിധിൻ, നഴ്സുമാരായ സ്മിത കുമാർ, ആര്യ ചന്ദ്രൻ, സീതമോൾ എന്നിവർ നേതൃത്വം നൽകി. വേയാധികയുടെ ആരോഗ്യനില തൃപ്തികരമാണ്. താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്റ്റിനെ സ്ഥിരമായി നിയമിച്ചാൽ ഇത്തരം കൂടുതൽ ശസ്ത്രക്രിയകൾ നടത്താനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.