ആറംഗ കുടുംബത്തിന് ഒറ്റമുറി കെട്ടിടത്തില് ദുരിതജീവിതം
text_fieldsകുടയത്തൂർ: ഒരു കുടുംബത്തെയൊന്നാകെ ഉരുളെടുത്ത കുടയത്തൂർ സംഗമം കവലയിലെ മാളിയേക്കൽ കോളനിയിൽനിന്ന് അപകടഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച തോട്ടുംകരയിൽ ഷാജിദക്കും ആറംഗ കുടുംബത്തിനും ഒറ്റമുറി കെട്ടിടത്തിൽ ദുരിതജീവിതം.
കഴിഞ്ഞ ആഗസ്റ്റ് 29നുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്നാണ് ഇവരെ കുടയത്തൂരിലെ വനിത പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങിയതോടെ ഈ ദരിദ്ര കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്.
മൂന്ന് കുട്ടികളും ഭർത്താവും 72 വയസ്സുള്ള അമ്മയുമടങ്ങിയ കുടുംബം താൽക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിൽ വലിയ കഷ്ടപ്പാടിലാണ്. ഉപയോഗിക്കാൻ കൊള്ളാവുന്ന ശൗചാലയം പോലുമില്ലാതെയാണ് ഒമ്പതിലും എട്ടിലും അഞ്ചിലും പഠിക്കുന്ന കുട്ടികളടക്കം കഴിയുന്നത്. ഇതിനെല്ലാം അയൽവീടുകളെ ആശ്രയിക്കണം. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതും കുട്ടികൾ പഠിക്കുന്നതുമെല്ലാം ചെറിയ ഒറ്റ മുറിയിലാണ്. പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് അതിനുള്ള സൗകര്യമില്ലെന്നതാണ് ഷാജിദയുടെ ഏറ്റവും വലിയ സങ്കടം. ഇടക്ക് ഷാജിദ കടയിൽ ജോലി ചെയ്തിരുന്നു. സലീമിന് ആക്രിക്കച്ചവടമാണ്. അതിൽനിന്ന് കാര്യമായ വരുമാനമൊന്നുമില്ല. ഉമ്മയും ഷാജിദയും ചിറ്റീന്തിന്റെ ചൂല് ചീകിക്കൊടുക്കും. അതിന് ഒരെണ്ണത്തിന് 70 പൈസവെച്ച് കിട്ടും. അടുത്ത വർഷം മകൾ പത്താം ക്ലാസിലെത്തും. അപ്പോഴേക്കെങ്കിലും കയറിക്കിടക്കാനൊരു വീടുണ്ടാകണമെന്നാണ് ഈ ഉമ്മയുടെ ആഗ്രഹം.
30 സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് ഇവർക്കുണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ അയൽപക്കത്തെ കുടുംബം ഒന്നാകെ ഒലിച്ചുപോയപ്പോൾ ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഷാജിദയുടെ അയൽവാസിയായ ചിറ്റടിച്ചാലിൽ സോമന്റെ അഞ്ചംഗ കുടംബമാണ് ദുരന്തത്തിൽ മരിച്ചത്.
ഷാജിദക്കും കുടുംബത്തിനും വീടിന് സ്ഥലം നൽകാൻ പഞ്ചായത്ത് തയാറാണ്. എന്നാൽ, അത് നിർമിച്ചുകൊടുക്കാൻ ഫണ്ടില്ലെന്ന് വാർഡ് അംഗം പുഷ്പ വിജയൻ പറയുന്നു.
ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം ലഭിച്ചാൽ മാത്രമേ ഈ ദരിദ്ര കുടുംബത്തിന് വീട് സ്വന്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.