മറയൂരിൽ ശർക്കര നിർമാണശാലയിൽ തീപിടിത്തം; ഒരേക്കർ കരിമ്പും നശിച്ചു
text_fieldsമറയൂർ: മാശിവയലിൽ ശർക്കര നിർമാണശാലയിൽ തീപടർന്ന് വൻ നാശനഷ്ടം. വ്യാഴാഴ്ച ഉച്ചയോടെ ശർക്കര നിർമിക്കാൻ ആലപ്പുരയിൽ തീകത്തിച്ചപ്പോഴാണ് ആളിപ്പടർന്നത്. പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരുന്ന മറയൂർ ഗ്രാമത്തിൽ ദുരൈയുടെ ആലപ്പുരയിലാണ് തീപിടിച്ചത്. ഓണത്തോട് അനുബന്ധിച്ച് നല്ല വിലലഭിക്കുമെന്ന് പ്രതീക്ഷയിൽ കഴിഞ്ഞദിവസം കരിമ്പ് വെട്ടി ശർക്കര നിർമാണം തുടങ്ങിയിരുന്നു. വലിയ അടുപ്പിൽ തീ കത്തിച്ചപ്പോൾ കാറ്റടിച്ച് തീ പടരുകയായിരുന്നു. ആലപ്പുര മുഴുവനും കത്തി സമീപത്തെ കരിമ്പിൻതോട്ടത്തിലും തീ പടർന്നു. സമീപത്തെ കർഷകരായ പാണ്ടി, കുമ്മുട്ടാം കുഴിയിലെ രാജേന്ദ്രൻ എന്നിവരുടെ കരിമ്പും കത്തിനശിച്ചു.
വിവരമറിഞ്ഞ് സമീപത്തെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്തിരുന്നവരും മറയൂർ ടൗണിലെ ഡ്രൈവർമാരും ഓടിയെത്തി കരിമ്പിൻ തോട്ടവെട്ടി തീ അണക്കാൻ ശ്രമിച്ചു. ഉടൻ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മൂന്നാറിൽനിന്ന് അഗ്നിശമന സേനയും എത്തി തീ അണച്ചു. വേഗത്തിൽ തീ അണച്ചതിനാൽ പരിസരത്തെ ഏക്കർ കണക്കിന് കരിമ്പ് പാടങ്ങൾ രക്ഷിക്കാനായി. ആലപ്പുരയും കരിമ്പ് തോട്ടവും കത്തിനശിച്ചതിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.