മികച്ച വിനോദസഞ്ചാര ഗ്രാമം; സുവർണ ശോഭയിൽ കാന്തല്ലൂർ
text_fieldsഇടുക്കി: വിനോദസഞ്ചാരികളുടെ മനംകവർന്ന കാന്തല്ലൂരിന് ഇനി സുവർണകാലം. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ നേട്ടം കാന്തല്ലൂരിനെ തേടിയെത്തുമ്പോൾ ഈ മണ്ണിലുള്ളത് ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്.
തെക്കിന്റെ കശ്മീരായ മൂന്നാറിൽനിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശർക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടി കാന്തല്ലൂരിലെത്താം.
ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ മനസ്സിലേറ്റിയ ഒരു നാടും അവിടത്തെ കർഷകരുമാണ് കാന്തല്ലൂരിന്റെ ഈ അഭിമാനനേട്ടത്തിന് പിന്നിൽ. സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ആസൂത്രണവും കേന്ദ്ര സർക്കാർ നടത്തിയ മികച്ച ടൂറിസം വില്ലേജ് മത്സരത്തിൽ കാന്തല്ലൂരിനെ മുന്നിലെത്തിച്ചു.
പച്ചക്കറി, പഴം തെരുവ്
കാന്തല്ലൂരിലെ അഞ്ച് സ്ഥലങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പെരുമല, പുത്തൂര്‍, ഗുഹനാഥപുരം, കീഴാന്തൂര്‍, കുളച്ചുവയൽ എന്നിവിടങ്ങളിലാണ് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നത്. സ്ട്രോബറി കൃഷി കൂടുതലായി നടക്കുന്ന പെരുമല ഒരു സ്ട്രീറ്റും കീഴാന്തൂരും പുത്തൂരും പച്ചക്കറികളുടെ സ്ട്രീറ്റും ഗുഹനാഥപുരം പൂക്കളുടെയും കുളച്ചുവയൽ പഴങ്ങളുടെയും സ്ട്രീറ്റായിട്ടുമാണ് തിരിച്ചിരിക്കുന്നത്.
ചരിത്രവും കാഴ്ചകളും
കാന്തല്ലൂരിൽ എത്തുന്നവര്‍ക്ക് ചരിത്ര കാഴ്ചകൾ കാണാൻ ഏറെയുണ്ട്. നിത്യഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങൾക്കും പച്ചക്കറികള്‍ക്കും പുറമെ ആറായിരത്തോളം വർഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളും ഉള്ള പ്രദേശമാണ് കാന്തല്ലൂർ. കൂടാതെ കച്ചാരം വെള്ളച്ചാട്ടം, എര്‍ച്ചിപ്പാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാർ, കൂട്ടാർ നദികൾ, ഒരുമല വ്യൂ പോയന്റ് എന്നിയെല്ലാം സഞ്ചാരികളുടെ മനംകവരുന്ന ഇടങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയൊരുക്കി കാന്തല്ലൂർ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഗ്രീൻ കാന്തല്ലൂർ എന്ന പ്രവേശന കവാടത്തിലൂടെയാണ്. ഈ കവാടം പിന്നിട്ടാൽ വിനോദസഞ്ചാരികൾ കൃത്യമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.