നിർധന കുടുംബത്തിന്റെ വീട് കത്തിനശിച്ചു; വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അഗ്നിക്കിരയായി
text_fieldsഅടിമാലി: ചേരിയാറിൽ നാലംഗ കുടുംബം താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. കൂലിപ്പണിക്കാരായ ഭൈരവൻ ഭാര്യ പെരിയതായി, മക്കളായ മണികണ്ഠൻ, കാളീശ്വരി എന്നിവർ താമസിച്ച ഒറ്റമുറി കുടിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പൂർണമായും കത്തിനശിച്ചത്.
വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തിയമർന്നു. ശാന്തൻപാറ ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കാളീശ്വരിയുടെ പുസ്തകങ്ങളും നഷ്ടപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം സമീപത്തെ വീട്ടിൽ ടി.വി കാണാൻ പോയപ്പോഴാണ് വീടിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണോ, അടുപ്പിലെ കനലിൽനിന്ന് തീപകർന്നതാണോ എന്ന കാര്യത്തിൽ ഇവർക്ക് വ്യക്തതയില്ല.
സ്വന്തമായി ഭൂമിയില്ലാത്ത ഇവർക്ക് വിദേശത്തുള്ള സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയിൽ നിർമിച്ച കുടിലാണ് കത്തിയമർന്നത്. നേരത്തേ ഇവർക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വീട് നിർമിക്കാനായില്ല.
ഇപ്പോൾ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥൻ മൂന്നു മാസത്തിനുശേഷം വിദേശത്തുനിന്ന് വരുമ്പോൾ ഇവർക്ക് എഴുതി നൽകാമെന്ന് അറിയിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അതിനുശേഷം ഇവിടെ വീട് നിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നിർധന കുടുംബം. തൽക്കാലം ഒരു ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.