സ്മാർട്ടാവണ്ട, കെട്ടുറപ്പുള്ള കെട്ടിടം മതി
text_fieldsതൊടുപുഴ: വില്ലേജ് ഓഫിസുകൾ സ്മാർട്ടാകുന്ന കാലത്തും അരനൂറ്റാണ്ടായി പരിമിതികളിൽ വീർപ്പുമുട്ടുകയാണ് കാരിക്കോട് വില്ലേജ് ഓഫിസ് കെട്ടിടം. ഇടവെട്ടി പഞ്ചായത്തിൽ ചിറയുടെ കരയിലാണ് കെട്ടിടം.
ഒരു സൗകര്യവുമില്ലാത്ത കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചതുതന്നെ. വില്ലേജിനായി പഞ്ചായത്ത് നൽകിയതായിരുന്നു കെട്ടിടം. ദിവസം നൂറോളം പേർ ഇവിടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നുണ്ട്. ഇവർക്ക് ഇരിക്കാനോ നിൽക്കാനോ പോലും സൗകര്യമില്ല.
തിരക്ക് കൂടിയാൽ മഴയായാലും വെയിലായാലും പുറത്തിറങ്ങി ക്യൂ നിൽക്കണം. ജീവനക്കാർക്കും ഒരുവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. ഉദ്യോഗസ്ഥരുടെ മേശ ഇട്ട് കഴിഞ്ഞാൽ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ജലസമൃദ്ധമായ ഇടവെട്ടി ചിറയുടെ കരയിലാണ് കെട്ടിടം. കെട്ടിടത്തിന്റെ അടിയിലൂടെ വെള്ളമൊഴുകി അടിത്തറ തന്നെ ഭീഷണിയിലാണ്. പലയിടത്തും തറ താഴ്ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ അടിയിലൂടെ വെള്ളമൊഴുകുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. മഴ പെയ്താൽ കെട്ടിടത്തിന് മുന്നിലൂടെയും വെള്ളം ഒഴുകിയെത്തും. സാഹസികമായി വേണം ഓഫിസിലേക്ക് കയറാൻ. മഴക്കാലമായൽ ഓഫിസിലിരിക്കാൻ ജീവനക്കാർക്ക് ഭയമാണ്. കാലപ്പഴക്കംമൂലം കെട്ടിടത്തിന്റെ പലയിടത്തും വിള്ളൽ വീണു. ജനലുകളും വാതിലുമൊക്കെ നശിച്ചുതുടങ്ങി. 11 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ അവസ്ഥയും മറിച്ചല്ല.
ഓഫിസിലെ റെക്കോഡ് സൂക്ഷിക്കാൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. എല്ലാം പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇടവെട്ടിയിൽ ബസിറങ്ങി ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാലാണ് ഓഫിസിലെത്തുന്നത്. പുതിയ കെട്ടിടം പണിയാൻ നടപടി ആരംഭിച്ചെങ്കിലും സ്ഥലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സംമൂലം നീണ്ടുപോകുകയാണ്. കെട്ടിടം നനഞ്ഞ് നശിക്കാറായപ്പോഴാണ് മുകളിൽ ഷീറ്റിട്ടത്. അതുകൊണ്ട് ഓഫിസിനകം നനയില്ല. മഴക്കാലം വരുംമുമ്പ് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ജീവനക്കാരുടെയും ഓഫിസിലെത്തുന്നവരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.