വിജയസുഗന്ധം പരത്തിയ കുടിൽ സംരംഭം
text_fieldsനെടുങ്കണ്ടം: ഇത് ഹൈറേഞ്ചിൽ സുഗന്ധം പരത്തുന്ന കുടുംബശ്രീ സംരംഭത്തിെൻറ കഥയാണ്. രണ്ട് വർഷം മുമ്പ് കരുണാപുരം പഞ്ചായത്തിലെ കുഴിത്തൊളു കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കൃഷ്ണ അഗർബത്തി ഒരു കുടിൽ വ്യവസായം എങ്ങനെ വിജയത്തിലെത്തിക്കാം എന്നതിെൻറ ഉദാഹരണം കൂടിയാകുന്നു. വീട്ടിൽ വെറുതെ ഇരുന്ന് സമയം കളയാതെ ഒഴിവുവേളകൾ ഫലപ്രദമായി ഉപയോഗിച്ച് ചെറിയ വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കുഴിത്തൊളു നെടൂർ സജിമോൾ എന്ന വീട്ടമ്മ ഈ സംരംഭത്തിന് തുടക്കമിടുന്നത്.
കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് സംഘത്തിൽനിന്ന് ലഭിച്ച വായ്പ ഉപയോഗിച്ച് കുടിൽ വ്യവസായമായാണ് തുടക്കം. ബംഗളൂരുവിൽ നിന്നാണ് സാമ്പ്രാണിത്തിരിയും അനുബന്ധ ഉൽപന്നങ്ങളും വാങ്ങുന്നത്. ശിവകാശിയിൽനിന്ന് അച്ചടിച്ചുകൊണ്ടുവരുന്ന പ്രത്യേക കവർ ഉപയോഗിച്ച് വീട്ടിൽ വെച്ച് സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്യും. വീടുകളും കടകളും ക്ഷേത്രങ്ങളും കയറിയിറങ്ങിയാണ് വിൽപന. പാക്കറ്റുകൾ തയാറാക്കാൻ സജിമോളെ സഹായിക്കാൻ ചില ദിവസങ്ങളിൽ മകനും ഒപ്പമുണ്ടാകും.
വാഹന സൗകര്യം തീരെ കുറവായ കുഴിത്തൊളുവിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് സാമ്പ്രാണിത്തിരികൾ വിൽപനക്ക് ഹൈറേഞ്ചിെൻറ വിവിധ ഭാഗങ്ങളിലെ കടകളിലും വീടുകളിലും എത്തിക്കുന്നതെന്ന് സജിമോൾ പറയുന്നു. അതിർത്തി പട്ടണമായ കമ്പംമെട്ട്, ചെന്നപ്പാറ, കൂട്ടാർ എന്നിവിടങ്ങളിലും പട്ടം കോളനിയുടെയും കട്ടപ്പന നഗരസഭയുടെയും വിവിധ ഭാഗങ്ങളിലുമായാണ് വിൽപന കൂടുതലും. സാമ്പ്രാണിത്തിരികൾ 10, 20, 50 രൂപ പാക്കറ്റുകളിലാക്കിയാണ് വിൽപന നടത്തുന്നത്.
ആരോടും കൊള്ളലാഭം വാങ്ങാറില്ലെന്നും അധ്വാനത്തിനും ചെലവിനും അനുസൃതമായ ചെറിയ ലാഭം മാത്രം ഈടാക്കിയാണ് കച്ചവടമെന്നും സജിമോൾ പറഞ്ഞു. ചില ചെറുകിട കച്ചവടക്കാർ വിലയിടിച്ച് വാങ്ങാൻ ശ്രമിക്കാറുണ്ട്. കുടുംബശ്രീ സഹായത്തോടെ സംഘത്തിൽനിന്ന് ലക്ഷങ്ങൾ വായ്പ എടുത്താണ് സംരംഭം പ്രവർത്തിക്കുന്നത്. വീട്ടിൽ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക് ഉപജീവനത്തിനും സ്വന്തമായി ചെറിയ വരുമാനം കണ്ടെത്താനും ഏറ്റവും മികച്ച മാർഗമാണ് ഇത്തരം സംരംഭങ്ങളെന്നാണ് ഈ വീട്ടമ്മയുടെ അനുഭവസാക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.