ആനവണ്ടി’യെത്തേടി ഒരുയാത്ര
text_fieldsബസിനൊപ്പം അമലു
പീരുമേട്: ഒരുഗ്രാമത്തിന്റെ സ്പന്ദനമായിരുന്ന കെ.എസ്.ആർ.ടി ബസിനെത്തേടി ഒരു യാത്ര. ‘ആനവണ്ടി’ സ്നേഹി ഇടുക്കി കണയങ്കവയൽ സ്വദേശി പേഴത്തുംമൂട്ടിൽ അമലു ഷാജിയാണ് ബോണറ്റ് നമ്പർ ആർ.ആർ.സി 200 മിനി ബസിനെ തേടി ഞായറാഴ്ച രാവിലെ മലപ്പുറത്തെത്തിയത്. 2007 മുതൽ 2021 വരെ കണയങ്കവയൽ ഗ്രാമത്തിലേക്ക് പൊൻകുന്നം ഡിപ്പോയിൽനിന്ന് സർവിസ് നടത്തിയിരുന്ന ബസാണിത്.
2021ൽ പാർക്കിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതോടെ ബസ് ഗ്രാമത്തിന് നഷ്ടപ്പെട്ടു. ട്രിപ്പ് മുടക്കി വഴിയിൽ കിടക്കാത്ത ബസ് കണയങ്കവയൽ നിവാസികളുടെ സ്വന്തം ആനവണ്ടി ആയിരുന്നു. അമലു ഷാജി രണ്ടാംക്ലാസ് മുതൽ ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. തുടർന്ന് പ്ലസ് ടുവിന് പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലും ഡിഗ്രിക്ക് കുട്ടിക്കാനം മരിയൻ കോളജിൽ പഠിക്കുമ്പോഴും തുടർച്ചയായ അഞ്ചുവർഷം ഈ ബസിലായിരുന്നു യാത്ര.
ഈ ബസിനെ തേടിയാണ് ഞായറാഴ്ച പുലർച്ച മൂന്നോടെ ആലുവയിൽനിന്ന് യാത്ര ചെയ്ത് രാവിലെ പൊന്നാനിയിൽ എത്തിയത്. ബസ് മലപ്പുറം ഡിപ്പോയിൽ തിരൂർ-പൊന്നാനി റൂട്ടിൽ ഓടുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊന്നാനിയിൽ എത്തുകയും തീരദേശ റോഡിലൂടെ ഓടുന്ന ബസിൽ ഉച്ചവരെ യാത്ര ചെയ്താണ് മടങ്ങിയത്. ഇപ്പോൾ ആലുവ ഫെഡറൽ ബാങ്ക് ഹെഡ് ഓഫിസിലെ ജീവനക്കാരനാണ് അമലു. കെ.കെ റോഡിലെ എറണാകുളം-തേക്കടി ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഡെസ്റ്റിനേഷൻ ബോർഡുകളും സ്റ്റിക്കറുകളും സൗജന്യമായി ചെയ്ത് നൽകിയതും ‘ആനവണ്ടി’പ്രേമിയായത് കൊണ്ടുതന്നെ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും സുപരിചിതനാണ് ഇദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.