എന്റെ ഇടുക്കി: കാവുക്കുളത്തെ കുട്ടിക്കാലം
text_fieldsഇടുക്കിയെ കുറിച്ച് അർജുൻ പാണ്ഡ്യൻ ഐ.എ.എസ് പറയുന്നു. (ഇടുക്കി ജില്ല വികസന കമീഷ്ണറാണ് അർജുൻ പാണ്ഡ്യൻ. കണ്ണൂർ അസി.കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫിസർ, പാലക്കാട് മെഡിക്കൽ കോളജ് സ്പെഷൽ ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്)
ഏലപ്പാറ പഞ്ചായത്തിലെ ബോണാമി എസ്റ്റേറ്റിലായിരുന്നു ബാല്യകാലം. അവിടെ കാവുക്കുളം എന്ന സ്ഥലത്താണ് ജനനം. ചെറുപ്പം മുതലേ ലയങ്ങളും തൊഴിലാളികളെയും അവരുടെ ജീവിതസാഹചര്യങ്ങളും കണ്ടാണ് വളർന്നത്. പരിമിതികൾ ഏറെയുള്ള കാലം. ഹൈറേഞ്ചിലെ തോട്ടം മേഖലയിലുള്ള സാധാരണ ചെറുപ്പക്കാരെപ്പോലെയായിരുന്നു ഞാനും. ഒന്നുമുതൽ 10 വരെ ഏലപ്പാറയിൽ പഠനം നടത്തി. പഠനത്തിനിടെ അവധിദിവസങ്ങളില്‍ തേയിലച്ചാക്ക് ചുമക്കുകയും ട്യൂഷനെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ അവിടെ എല്ലാവരും ചെയ്യുന്നതാണ്. ഇടക്കൊരു പോക്കറ്റ് മണിയും വീട്ടുകാർക്ക് സഹായവുമായിരുന്നു അത്. തുടർന്ന് സയൻസ് എടുത്ത് പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ, നാട്ടിൽ അവസരം കിട്ടില്ലെന്നറിഞ്ഞതോടെ കിളിമാനൂരിലെ സ്കൂളിലേക്കുപോയി. കൊല്ലത്ത് ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ പഠനത്തിനിടെയാണ് സിവില്‍ സര്‍വിസിനോട് ആഗ്രഹം തോന്നുന്നത്. ബിരുദം പൂര്ത്തിയാക്കുന്നതിനിടെതന്നെ പ്ലേസ്മെന്റ് ലഭിച്ചു. വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതിനാല്‍ രണ്ടരവര്‍ഷം എന്‍ജിനീയറായി തുടര്‍ന്നു. 2015ല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ കോച്ചിങ്ങിനുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചു, പ്രവേശനവും കിട്ടി. 2017ലെ ഐ.എ.എസ് ബാച്ചിൽ ഇടവും നേടി. കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമായിരുന്നു ആ മൂന്നക്ഷരം.
ഐ.എ.എസ് കിട്ടി ഡല്‍ഹിക്ക് പോകുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. കണ്ണൂരിലായിരുന്നു അസി. കലക്ടറായി ട്രെയിനിങ്. സ്കൂളിൽ ബസ് കയറാൻ രണ്ടരക്കിലോമീറ്റർ വരെ നടന്നുപോയ കാലത്തുനിന്ന് ഇന്ന് ഇടുക്കിയുടെ വികസന കമീഷണറായി എത്തിയപ്പോൾ വലിയ സന്തോഷം തോന്നി. ഇടുക്കിയിൽ നല്ല മിടുക്കരായ കുട്ടികളാണ് ഉള്ളത്. പഠനം, സ്പോർട്സ് എന്നിവയിലൊക്കെ കഴിവുതെളിച്ചുകൊണ്ടിരിക്കുന്നുണ്ടിവർ. ഞാൻ പഠിച്ച ഏലപ്പാറ സ്കൂളിനെ മികച്ച കേന്ദ്രമാക്കി മാറ്റണമെന്നുണ്ട്. ഇടുക്കി മെഡിക്കൽ കോളജ്, ഇടുക്കി പാക്കേജ് എന്നിവയൊക്കെ ലക്ഷ്യപ്രാപ്തിയിലെത്തും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇനിയും നാട് വളരേണ്ടതുണ്ട്. വികസന കമീഷണർ എന്ന നിലയിൽ ഇടുക്കിയുടെ വികസനത്തിനായി ഒട്ടേറെ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങളിലാണ്.
നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള സ്വപ്നങ്ങളേ കുട്ടിക്കാലത്തൊക്കെ കാണൂ. പക്ഷേ, കുറച്ചുകൂടി വളരുമ്പോൾ മനസ്സിലാകും നമുക്ക് ഇനിയും ഉയരങ്ങളിൽ എത്താനുണ്ടെന്ന്. ആ നിമിഷത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നതാണ് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.