പോക്സോ കേസിൽ കുറ്റമുക്തി; യുവാവിനും ബന്ധുക്കൾക്കും സംരക്ഷണം നൽകണം - മനുഷ്യാവകാശ കമീഷൻ
text_fieldsഇടുക്കി: പോക്സോ കേസി കോടതി കുറ്റമുക്തനാക്കിയ യുവാവിനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനാവശ്യമായ കർശന നിർദേശം വണ്ടിപ്പെരിയാർ പൊലീസിന് നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡിവൈ.എസ്.പി യോട് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. പോക്സോ കേസിൽ കുറ്റമുക്തനായ അർജുന്റെ പിതൃ സഹോദരന്റെ വീട്ടിൽ നടന്ന മോഷണ കേസിൽ അന്വേഷണം നടത്തി ഉചിത നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ഡി.വൈ.എസ്.പി ക്ക് നിർദ്ദേശം നൽകി.
അർജുന്റെ കുടുംബവും പിതൃ സഹോദരന്റെ കുടുംബവും വണ്ടിപ്പെരിയാർ എം.എം.ജെ പ്ലാന്റേഷനിലെ തൊഴിലാളികളാണ്. 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റമുക്തനാക്കിയത്. ഇതിന് ശേഷം, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ അർജുനും കുടുംബത്തിനും നേരെ ഭീഷണിയുയർത്തി. ഇതിനെതിരെ അർജുന്റെ പിതൃ സഹോദരൻ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി സംരക്ഷണ ഉത്തരവ് നൽകിയിട്ടും വണ്ടിപ്പെരിയാർ പൊലീസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. പിതൃ സഹോദരന്റെ മകളുടെ വിവാഹത്തിന് വാങ്ങി സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇപ്പോൾ അർജുന്റെ കുടുംബത്തിനും പിതൃ സഹോദരന്റെ കുടുംബത്തിനും വീട്ടിൽ പ്രവേശിക്കാനോ തൊഴിലെടുക്കാനോ കഴിയുന്നില്ല.പൊലീസ് ബന്തവസോടെ അർജുനെ ചൂരക്കുളത്തുള്ള താമസസ്ഥലത്ത് എത്തിച്ചെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായതായി പീരുമേട് ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. അർജുനും കുടുംബത്തിനുമെതിരെ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും ഇതിൽ മാറ്റമുണ്ടാകുന്ന സമയത്ത് പരാതിക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പോക്സോ കേസിലെ യഥാർഥ പ്രതിയുടെ ദുഃസ്വാധീനമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിക്കാരായ അർജുന്റെ പിതാവ് സുന്ദറും പിതൃ സഹോദരൻ ഷൺമുഖനും കമീഷനെ അറിയിച്ചു. നീതി പൊലീസ് നിഷേധിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ മകളുടെ വിവാഹത്തിന് കരുതിവെച്ച എട്ട് പവനും 50,000 രൂപയും മോഷണം പോയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊലീസിന്റെ ജോലി നിർവഹിക്കാൻ സമ്മതിക്കാത്തവർക്കെതിരെ കേസെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.