എെൻറ ഇടുക്കി: തൊടുപുഴയിലെ സംതൃപ്ത ജീവിതം
text_fieldsഇടുക്കിയെ കുറിച്ച് നടി രജിനി ചാണ്ടി സംസാരിക്കുന്നു. (ഒരു മുത്തശ്ശി ഗദ, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവെച്ച നടിയാണ് രജിനി ചാണ്ടി)
അഞ്ചാം വയസ്സുമുതൽ എന്റെ ഓർമകളിൽ തൊടുപുഴയുണ്ട്. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം തൊടുപുഴയിലാണ്. അപ്പച്ചൻ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. കോലാനിയിലായിരുന്നു ഞങ്ങളുടെ വീട്. ചുങ്കം സ്കൂളിലും സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും ന്യൂമാൻ കോളജിലുമൊക്കെയായിരുന്നു എന്റെ പഠനം. അപ്പച്ചൻ കരിമണ്ണൂർ, വാഴക്കുളം എന്നിവിടങ്ങളിലെ സ്കൂളുകളിലും ജോലി ചെയ്തിട്ടുണ്ട്.
20 വർഷത്തോളം ഞങ്ങൾ തൊടുപുഴയിൽ ജീവിച്ചു. വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയി. ഇപ്പോൾ ആലുവയിലാണ് താമസം. അന്നത്തെ തൊടുപുഴ ശാന്തവും പ്രകൃതിസുന്ദരവുമായ സ്ഥലമായിരുന്നു. കോലാനിയിലെ ഞങ്ങളുടെ വീടിന് പുറകിലൂടെ ഒരു തോട് ഒഴുകിയിരുന്നു. മഴക്കാലത്ത് പറമ്പിൽ വെള്ളംകയറും. ഒരിക്കൽ കോഴിക്കൂട്ടിൽ വെള്ളംകയറി കോഴികൾ കൂട്ടത്തോടെ ചത്തത് ഓർക്കുന്നു. കോലാനിയിൽനിന്ന് ബസിൽ തൊടുപുഴ സ്റ്റാൻഡിലിറങ്ങി കൂട്ടുകാർക്കൊപ്പം ന്യൂമാൻ കോളജിലേക്ക് നടന്നാണ് പോയിരുന്നത്. കോളജിൽ പഠിക്കുമ്പോൾ ഒരിക്കൽ ഞങ്ങൾ കുറച്ച് കൂട്ടുകാർ നാടക ടിക്കറ്റ് വിൽക്കാൻ ഇടുക്കിക്ക് പോയി. വീട്ടിൽ പറയാതെയാണ് പോയത്. വീടുകൾ കയറിയിറങ്ങി ടിക്കറ്റ് വിറ്റ് കഴിഞ്ഞപ്പോൾ തൊടുപുഴക്ക് പോകാൻ ബസില്ല. വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ വഴക്ക് പറയും. അപ്പച്ചന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവ് അവിടെ അന്ന് എൻജിനീയറായി ഉണ്ട്. അപ്പച്ചനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ ജീപ്പിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെ അപരിചിതമായ ഒരു സാഹചര്യത്തിൽ സുരക്ഷിതരായി യാത്ര ചെയ്യാനാവില്ല.സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ പാട്ടിനും ഡാൻസിനും ഫുട്ബാളിനുമെല്ലാം ചേരുമായിരുന്നു.
സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല. 65വസ്സിൽ സിനിമയിലെത്തുമ്പോഴാണ് ആദ്യ അഭിനയം. മൂന്നാറൊക്കെ വളരെ ഇഷ്ടമുള്ള സ്ഥലങ്ങളാണ്. ഇടുക്കി അണക്കെട്ട് കാണാൻ പോയിട്ടുണ്ട്. തേനംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്ലറയിൽ പ്രാർഥിക്കാൻ കോവിഡിന് മുമ്പ് വരെ എല്ലാ വർഷവും തൊടുപുഴയിൽ എത്തുമായിരുന്നു. വീട്ടിൽ വളരെ അച്ചടക്കത്തോടെയാണ് ഞങ്ങളെ വളർത്തിയിരുന്നത്. സംതൃപ്തിയും ചിട്ടയുമുള്ളതായിരുന്നു അന്നത്തെ ജീവിതം. ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടില്ല. പക്ഷേ, ആർഭാടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ആ അച്ചടക്കം ഇപ്പോഴും പിന്തുടരുന്നു. കാലം ഒരുപാട് മാറി. ഇന്ന് എന്തെല്ലാമുണ്ടെങ്കിലും ആരും സംതൃപ്തരല്ല. അയൽപക്ക ബന്ധങ്ങളും പരസ്പര സ്നേഹവുമെല്ലാം അന്യമാകുന്നു. ഇതെല്ലാം ഞങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞ, ഒരുപാട് നല്ല ഓർമകളുള്ള നാടാണ് തൊടുപുഴ. അമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഇടുക്കിക്ക് എന്റെ എല്ലാവിധ ആശംസകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.