ചികിത്സ വേണം, അടിമാലി താലൂക്ക് ആശുപത്രിക്ക്
text_fieldsഅടിമാലി: ഹൈറേഞ്ച് മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തുന്നവരുടെ ദുരിതം തീരുന്നില്ല.
22 ഡോക്ടർമാരുള്ള ഈ ആശുപത്രിയിൽ പലസമയത്തും ഒ.പിയിൽ ഡോക്ടർമാരെ കാണാനില്ലെന്നതാണ് പ്രധാന പരാതി. രാവിലെ എട്ടു മുതൽ 12 മണി വരെയാണ് ഒ.പി. എന്നാൽ, ഒമ്പത് മണി കഴിഞ്ഞേ ഒ.പിയിൽ ഡോക്ടർമാർ എത്താറുള്ളൂ. ഇത് രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ആക്ഷേപം പരിഹരിക്കാൻ സൂപ്രണ്ട് പ്രത്യേക നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. പലപ്പോഴും ആശുപത്രിയിൽനിന്ന് മരുന്നുകളും കിട്ടുന്നില്ല. ഭൂരിഭാഗം മരുന്നും പുറത്തേക്ക് കുറിച്ചു നൽകുകയാണെന്നും ആക്ഷേപമുണ്ട്.
ദേവികുളം, ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. ഒ.പിയിൽ എത്തുന്നവർക്ക് നിൽക്കാനോ ഇരിക്കാനോ സൗകര്യമില്ല. ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാക്കുകയും വേണം. ദേവികുളം താലൂക്കിലെ 135 ആദിവാസി കോളനികളിലെ ആദിവാസികളും തോട്ടം - കാർഷിക മേഖലയിലെ തൊഴിലാളികളും നിർധന കർഷകരും പ്രധാനമായി ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. പ്രതിദിനം 1200 പേരിലധികം പേർ ഇവിടെ ഒ.പിയിൽ എത്തുന്നത്.
ഒ.പി 12 മണി വരെ; പിന്നെ ക്യൂ അത്യാഹിത വിഭാഗത്തിൽ
അടിമാലി താലൂക്ക് ആശുപത്രിയിൽ 12 മണി വരെയാണ് ഒ.പി ഉള്ളത് പിന്നെ വരുന്നവർ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെയാണ് കാണുന്നത്. ഇവിടെയാണെങ്കിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. 300നും 350നും ഇടയിൽ രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തുന്നു. ഇതിന് പുറമെ അപകടങ്ങളിലും മറ്റ് അത്യാവശ്യങ്ങളുമായി ധാരാളം പേർ എത്തുന്നു. ഇതോടെ അത്യാവശ്യ ഘട്ടങ്ങളിലെത്തുന്നവർക്കു പോലും മതിയായ ചികിത്സ ലഭ്യമാകുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ വൈകീട്ട് ആറു വരെ ഒ.പി നിർബന്ധമാക്കണമെന്നാണ് ആവശ്യം.
താലൂക്ക് ആശുപത്രിയിൽ ലാബ്, എക്സ്റേ, സ്കാനിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടെങ്കിലും വൈകീട്ട് അഞ്ചോടെ ഇതിന് പൂട്ട് വീഴും. ഇതിന് ശേഷം എത്തുന്നവർ സ്വകാര്യ ലാബുകളെ ആശ്രയിച്ചു വേണം പരിശോധന റിപ്പോർട്ടുകൾ വാങ്ങാൻ. ഇതിനാണെങ്കിൽ ഭീമമായ തുക ചെലവാക്കേണ്ടതായും വരുന്നുവെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.