സൂപ്രണ്ടില്ല, ലേ സെക്രട്ടറിയുടെ പോസ്റ്റുമില്ല ; ഈ ആശുപത്രി ‘നന്നാവില്ല’
text_fieldsഅടിമാലി: തിരക്കേറിയ താലൂക്കാശുപത്രിയിൽ ഒ.പി വിഭാഗത്തിൽ കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. 20 ഡോക്ടർമാരുടെ തസ്തിക ഉണ്ടെങ്കിലും ഒ.പിയിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സ്ഥലം മാറിയ സൂപ്രണ്ടിനു പകരം ഇതുവരെ നിയമനം നടത്തിയിട്ടില്ല. രണ്ട് ഫിസിഷ്യന്മാരിൽ ഒരാൾ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നതിനാൽ ഐ.പി വിഭാഗത്തിലുള്ള രോഗികളെ മാത്രം പരിശോധിക്കാനേ കഴിയുന്നുള്ളു. നിത്യേന 1700 ന് മുകളിൽ രോഗികൾ ഒ.പി വിഭാഗത്തിൽ എത്തുന്നുണ്ട്. 120 ഓളം കിടപ്പ് രോഗികളുള്ള ഇവിടെ 14 സ്റ്റാഫ് നഴ്സുമാർ മാത്രമാണുള്ളത്. കുറഞ്ഞത് 37 സ്റ്റാഫ് നഴ്സുമാർ വേണമെങ്കിലും സർക്കാർ നടപടി എടുക്കുന്നില്ല.
കട്ടപ്പനയിലുണ്ട് അടിമാലിയിലില്ല
13 വർഷം മുമ്പാണ് അടിമാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ ഇതുവരെ ഇവിടെ ലേ-സെക്രട്ടറിയെ നിയമിച്ചിട്ടില്ല. അടുത്തിടെ താലൂക്കാശുപത്രിയായി ഉയർത്തിയ കട്ടപ്പനയിൽ ലേ- സെക്രട്ടറിയെ നിയമിച്ചു.
എന്നാൽ അടിമാലിയെ സർക്കാർ അവഗണിക്കുകയാണ്. ദേവികുളം താലൂക്കിലെ 140 ന് മുകളിൽ ആദിവാസി കോളനികളിൽ നിന്നുള്ളവരും തോട്ടം തൊഴിലാളികളും കർഷകരും അശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് അടിമാലി. എന്നാൽ നിസ്സാര പ്രശ്നങ്ങൾക്ക് വരെ രോഗികളെ റഫർ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.
ഇൻസുലിനും മുടങ്ങി
സർക്കാർ ആശുപത്രികളിൽ ഇൻസുലിൻ ഇല്ല. ഇതോടെ പ്രമേഹ രോഗികളും ദുരിതത്തിലാണ്. താലൂക്കാശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി നൽകിയിരുന്ന ഇൻസുലിൻ ആണ് ഇല്ലാതായത്. ഇത് പുറത്ത് നിന്ന് വാങ്ങാൻ നിർധനർക്ക് സാധിക്കുന്നില്ല. പ്രതിമാസ പെൻഷൻ പോലും മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഇൻസുലിനും മുടങ്ങിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പാവപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.