കരുതലും കൈത്താങ്ങും അദാലത് ദേവികുളം താലൂക്കില്‍ തീര്‍പ്പായത് 80 പരാതികള്‍
text_fieldsഅടിമാലി: ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ചുണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ദേവികുളം താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 80 ഓളം പരാതികള്‍. താലൂക്കിലെ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ടറിയാന്‍ മന്ത്രിമാരെത്തിയപ്പോള്‍ അദാലത് വേദിയിലേക്ക് ജനവും ഒഴുകിയെത്തി. ഉച്ചക്ക് രണ്ടുമണി വരെ 262ഓളം പരാതികളാണ് പുതുതായി ലഭിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ഇടുക്കി ജില്ലയിലെ രണ്ടാമത്തെ അദാലത്താണ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച നടന്നത്. ഓണ്‍ലൈനായി ലഭിച്ച 324 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 80 പരാതികള്‍ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്കിയ അദാലത്തില്‍ പരിഹാരമായി.
ഓണ്‍ലൈനായി ലഭിച്ച 323 പരാതികളില്‍ 177 എണ്ണം അദാലത്തിന്റെ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 75 എണ്ണം നിരസിച്ചു. രണ്ടെണ്ണത്തില്‍ നടപടി പുരോഗമിക്കുന്നു. ശേഷിച്ച പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും അതിവേഗം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ തടയപ്പെട്ട പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, അര്‍ഹതയുണ്ടായിട്ടും കിട്ടാന്‍ വൈകിയ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍, സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, ലൈഫ് ഭവനം, പട്ടികജാതി, പട്ടികവര്‍ഗ ആനുകൂല്യം, ക്ഷേമപെന്‍ഷനുകള്‍, മരംമുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
രാവിലെ 10 മണിയോടെ അദാലത് വേദിയായ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ രണ്ട് മന്ത്രിമാരും മുഴുവന്‍ അപേക്ഷകര്‍ക്കും പറയാനുള്ളത് കേട്ട് തീരുമാനമെടുത്തശേഷമാണ് മടങ്ങിയത്. അഡ്വ. എ. രാജ എം.എല്‍.എയും അദാലത് കഴിയുംവരെ വേദിയില്‍ സന്നിഹിതനായിരുന്നു. രാവിലെ 10ന് ആരംഭിച്ച അദാലത് ഉച്ചക്ക് ഒരുമണിയോടെ അവസാനിച്ചു.
കലക്ടര്‍ ഷീബ ജോര്‍ജ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എ.ഡി.എം. ഷൈജു പി.ജേക്കബ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.പി. ദീപ, മനോജ് കെ, ജോളി ജോസഫ്, ദേവികുളം തഹസില്‍ദാര്‍ ഗോപാലകൃഷ്ണന് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു.
ജില്ലയിലെ മൂന്നാമത്തെ അദാലത്തായ പീരുമേട് താലൂക്ക് അദാലത് മേയ് 19ന് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.