ഇടുക്കി ജില്ലയിൽ 85 ഹൈസ്കൂളുകൾ; 38ലും പ്രധാനാധ്യാപകരില്ല
text_fieldsഅടിമാലി: സ്കൂൾ തുറന്ന് ഒരു മാസമാകാറായിട്ടും ജില്ലയിലെ സർക്കാർ ഹൈസ്കൂളുകളിൽ ഭൂരിഭാഗത്തിലും പ്രധാനാധ്യാപകരില്ല. ഒഴിവുണ്ടായിടത്തും സ്ഥലം മാറിപ്പോയ സ്കൂളുകളിലും പകരം നിയമനം നടത്താത്തതാണ് കാരണം. സാധാരണ സ്കൂൾ തുറക്കും മുമ്പേ സ്ഥാനക്കയറ്റ ലിസ്റ്റ് ഇറങ്ങി പുതിയതായി പ്രധാനാധ്യാപകരെ നിയമിക്കും. എന്നാൽ, ഈ അധ്യയന വർഷം തുടങ്ങി 23 ദിവസം ആയിട്ടും പുതിയ പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ല. സ്ഥാനക്കയറ്റ പട്ടികയും ഇറങ്ങിയിട്ടില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാനക്കയറ്റ ലിസ്റ്റ് വൈകാൻ കാരണം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 37ഉം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 48ഉം അടക്കം 85 ഹൈസ്കൂളാണ് ജില്ലയിൽ ഉള്ളത്.
ഇതിൽ 38 എണ്ണത്തിലാണ് പ്രധാനാധ്യാപകരില്ലാത്തത്. ഇത് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഉച്ചക്കഞ്ഞിയടക്കം ഉള്ളവയുടെ സാമ്പത്തിക കാര്യങ്ങൾ പ്രധാനാധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്.
സീനിയർ അസിസ്റ്റന്റായ അധ്യാപകർക്ക് ചുമതല നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരാത്തതിനാൽ അവർക്കും ദൈനം ദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുന്നില്ല. കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. 25 യു.പി സ്കൂളുകളും 94 എൽ.പി സ്കൂളും സർക്കാറിന്റേതായിട്ടുണ്ട്. ഈ സ്കൂളുകളിൽ എല്ലായിടത്തും മൂന്നു മുതൽ അഞ്ചു അധ്യാപകരുടെ വരെ കുറവുണ്ട്. പി.എസ്.സി നിയമനം നടക്കാത്തതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതുപോലെ മാർച്ചിലെ ഉച്ചക്കഞ്ഞി വിതരണ ഫണ്ടും സ്കൂളുകളിൽ എത്തിയിട്ടില്ല. ഇതും സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.