ആനക്കൂട്ടം കൃഷിയിടത്തിൽ കറങ്ങുന്നു; നിസ്സഹായരായി കർഷകർ
text_fieldsഅടിമാലി: ആനക്കൂട്ടം വരുന്നതും കൃഷി നശിപ്പിക്കുന്നതും കർഷകർ നേരിട്ട് കാണുന്നുണ്ടെങ്കിലും ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ.
അടിമാലി, മാങ്കുളം, മൂന്നാർ, മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ രാത്രിയും പകലും ആനക്കൂട്ടമെത്തി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. പിന്തിരിപ്പിക്കാൻ കർഷകർ എത്ര ശ്രമിച്ചിട്ടും ഫലമില്ല. മാങ്കുളം പഞ്ചായത്തിലെ സിങ്കുകുടി ആദിവാസി കോളനിയിലെ പരമന്റെ ഒരേക്കറോളം വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. തൊട്ടടുത്ത കൃഷിയിടങ്ങളിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു.
കൃഷിയിടത്തിലെ പകുതിയിലധികം തെങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. തേങ്ങക്ക് നല്ല വിലയുള്ള സമയത്താണ് തെങ്ങുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത്. മാങ്കുളം പഞ്ചായത്തിലെ മിക്ക കൃഷിയിടങ്ങളിലെയും സ്ഥിതി ഇതാണ്. കായ്ഫലമുള്ള തെങ്ങ് നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത് 770 രൂപയാണ്. കായ്ഫലമില്ലാത്തതാണെങ്കിൽ 385 രൂപ. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാൽ കിട്ടുന്നത് രണ്ടും മൂന്നും വർഷം കഴിഞ്ഞ്. പട്ടയമില്ലാത്ത ഭൂമിയായതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല.
അടിമാലി പഞ്ചായത്തിലെ നൂറാംകര ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ട് നാല് ദിവസമായി. ഇതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് കാര്യങ്ങൾ. രാപ്പകൽ മാറാതെ നിൽക്കുന്ന ആനകൾ ഏലം, കമുങ്ങ് എന്നുവേണ്ട എല്ലാ കൃഷിയും നശിപ്പിക്കുന്നു. കുടിവെള്ള പദ്ധതിയുടെ മോട്ടോർ, പൈപ്പ് ഉൾപ്പെടെ നശിപ്പിച്ചു. കൊടുല്ല് ഭാഗത്ത് നിന്നടക്കം രണ്ടിടങ്ങളിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലും കർഷകരുടെ കണ്ണീർ വീഴ്ത്തി കാട്ടാനകൾ വിഹരിക്കുന്നു. ആറ് ആനകളുടെ കൂട്ടം കഴിഞ്ഞ ദിവസം കൊഴിപ്പനക്കുടിയിലെത്തി ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചിരുന്നു. കൊഴുപ്പനക്കുടി രാജയ്യ, ജയകുമാർ എന്നിവരുടെ വിളവെടുക്കാറായ ഏലച്ചെടികൾ ചവിട്ടി മെതിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നേരത്തെ ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ, ചൂണ്ടൽ, ശങ്കരപാണ്ഡ്യമെട്ട്, ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കുട്ടിയാനകളുൾപ്പെടുന്ന സംഘം കാട് കയറാറില്ലെന്നും സ്ഥിരമായി കൃഷിയിടങ്ങൾ താവളമാക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.