ഒഴിവായത് വൻ ദുരന്തം: ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരം കടപുഴകി
text_fieldsഅടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് വന്മരം കടപുഴകി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. അടിമാലി-കുമളി ദേശീയപാതയിൽ അടിമാലി ടൗണിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് രാജാക്കാട് -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലേക്കാണ് വൻമരം കടപുഴകിയത്. ബസിന്റെ മുൻഭാഗം തകർന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടർന്ന് രാജകുമാരി സ്വദേശിനി ഷീലക്ക് (38) പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 50ഓളം യാത്രക്കാരുമായി വന്ന സർവിസ് ബസാണ്.
ചെറിയ വ്യത്യാസത്തിലാണ് വൻദുരന്തം വഴിമാറിയത്. മരം വീണത് വൈദ്യുതി ലൈനിന് മുകളിലേക്ക് കൂടി ആയതിനാൽ ഉണ്ടായ വലിയ ശബ്ദം പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടാഴ്ച മുമ്പ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളിലേക്ക് ഒടിഞ്ഞ് വീണിരുന്നു. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് മരം മുറിച്ചു മാറ്റാൻ ആവശ്യം ഉയർന്നിരുന്നെങ്കിലും കുഴപ്പമില്ലെന്ന നിഗമനത്തിൽ മരം വെട്ടിയില്ല.
100 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള വന്മരമാണ് ഇത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന കലക്ടറുടെ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾ പാലിക്കാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. അടിമാലി സർക്കാർ സ്കൂളിലും ഇത്തരത്തിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെ വനമേഖലയിലും ഇത്തരത്തിൽ ധാരാളം മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. ദിവസവും മരം വീണ് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നുമുണ്ട്. അടുത്തിടെ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചിരുന്നു.
അപകട മേഖലയിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; യാത്രക്കാർ രക്ഷപ്പെട്ടു
വണ്ണപ്പുറം-വെണ്മണിവഴി കലക്ടറേറ്റിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്
ചെറുതോണി: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടത്തിൽനിന്ന് ഒഴിവായി. തൊടുപുഴ ഡിപ്പോയിൽനിന്ന് വണ്ണപ്പുറം-വെണ്മണിവഴി കലക്ടറേറ്റിലേക്ക് സർവിസ് നടത്തുന്ന ബസാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപെട്ടത്.
രാവിലെ ആറരക്ക് കലക്ടറേറ്റിലെത്തി തിരികെ തൊടുപുഴക്ക് വരുമ്പോൾ കള്ളിപ്പാറയിൽ വെച്ചാണ് ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർക്ക് മനസ്സിലായത്. വിവരം കണ്ടക്ടറെ അറിയിച്ചു. തുടർന്ന് കണ്ടക്ടർ ബസിൽനിന്ന് ഡോർ തുറന്ന് ചാടിയിറങ്ങി ഊട് വെക്കുകയും ഇതേ സമയം ഡ്രൈവർ ഒരു വശത്തേക്ക് വാഹനം ഇടിച്ചു നിർത്തുകയുമായിരുന്നു.
സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ അപകടത്തിൽനിന്ന് രക്ഷിച്ചതായി യാത്രക്കാർ പറഞ്ഞു. ഡ്രൈവർ കോട്ടയം സ്വദേശി പ്രസാദ് ബാലനും കണ്ടക്ടർ വണ്ണപ്പുറം സ്വദേശി സലീമുമാണ് ബസിലെ ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.