വേണംഅടിമാലിക്കൊരു ടൂറിസം മാസ്റ്റർ പ്ലാൻ
text_fieldsഅടിമാലി: ടൂറിസം രംഗത്തെ അടിമാലി പഞ്ചായത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്നും പഞ്ചായത്തിലെ ടൂറിസം പോയന്റുകള്‍ വികസിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രധാന വെള്ളച്ചാട്ടങ്ങളാണ് അടിമാലിയിലെ വാളറ, ചീയപ്പാറ വെളളച്ചാട്ടങ്ങള്‍. ഈ വെള്ളച്ചാട്ടങ്ങളില്‍ നിന്ന് കാര്യമായ വരുമാനം സര്‍ക്കാറിന് ഇല്ലെങ്കിലും വികസനമെത്തിച്ചാല്‍ വളരെ വേഗത്തില്‍ വന്‍വരുമാനം ഉണ്ടാക്കാം. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വെള്ളമില്ലാതെ വിനോദ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതി തയാറാക്കിയാല്‍ 12 മാസവും വെളളം എത്തിക്കാനാകും. തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നിലവില്‍ വരുന്നത് വാളറ വെള്ളച്ചാട്ടത്തിന് ഭീഷണിയാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ദേവിയാര്‍ പുഴയുടെ കുറുകെ മൂന്നിടങ്ങളില്‍ ചെക്കുഡാമുകള്‍ തീര്‍ക്കുകയും വേനക്കാലത്തേക്ക് വെള്ളം സംഭരിക്കുകയും വേണം.
പ്രകൃതിരമണീയമാണ് വാളറ മേഖല. എക്കോ പോയന്റായ കുതിരകുത്തി മലതന്നെയാണ് ഏറ്റവും വലിയ ആകർഷണം. നോക്കെത്താ ദൂരത്തില്‍ കിടക്കുന്ന വനമേഖലയും പെരിയാറിന്റെ നീളത്തിലുളള സൗന്ദര്യവും ഏറ്റവും അടുത്ത് നിന്ന് ആസ്വദക്കാന്‍ കഴിയുന്നത് കുതിരകുത്തി മലയിലാണ്.
ഇവിടെ നിന്നാല്‍ എറണാകുളം ജില്ലയിലെ ഭൂരിഭാഗം മേഖലയും കാണാന്‍ കഴിയുമെന്ന പ്രത്യകതയുമുണ്ട്. ഇതിനോട് ചേര്‍ന്നുളള കാട്ടമ്പല പ്രദേശവും വശ്യമനോഹരം.ഇവിടെ വനംവകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പാക്കാം.
ഇതിന് നേരെ എതിര് ദിശയില്‍ സാഹസിക യാത്രികര്‍ക്ക് അനുയോജ്യമായ ട്രക്കിങ്ങ് ഒരുക്കാന്‍പറ്റിയ സ്ഥലമാണ് കമ്പിലൈന്‍. പടിക്കപ്പ് പ്രദേശത്ത് പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ നിരവധി പ്രദേശങ്ങളുണ്ട് പാറയും വെളളച്ചാലുകളും അവറുകുട്ടി പുഴയുമൊക്കെ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
അടിമാലി വെള്ളച്ചാട്ടവും ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ തയാറാക്കിയാല്‍ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി അടിമാലി പഞ്ചായത്തിനെ മാറ്റാന്‍ കഴിയും. മറ്റിടങ്ങളിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ അടിമാലിയില്‍ നിലവിലെ സാധ്യതകൾ പോലും ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.