ദേശീയപാതയിൽ മരം വീണ് വീണ്ടും ഗതാഗത തടസ്സം
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ മരം വീണുള്ള ഗതാഗത തടസ്സം പതിവാകുന്നു. ചൊവ്വാഴ്ച രാവിലെ കൂറ്റൻ മരം മറിഞ്ഞുവീണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് വൻമരം ദേശീയപാതയിൽ പതിച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ എടുത്താണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. ഒരാഴ്ചക്കിടെ ഈ പാതയിൽ മൂന്നാം തവണയാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുന്നത്. കഴിഞ്ഞദിവസം ചാക്കോച്ചി വളവിലും മൂന്നാം മൈലിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നേര്യമംഗലം മുതൽ വാളറവരെ കാനന പാതയാണ്. ഈ ഭാഗത്ത് നിരവധി മരങ്ങളാണ് ഉണങ്ങിയും വേരുകൾ നശിച്ചും അപകടാവസ്ഥയിൽ നിൽക്കുന്നത്.
ഇത്തരം മരങ്ങൾ വെട്ടിമാറ്റാൻ സർക്കാർ നിർദേശം ഉണ്ടെങ്കിലും വനം വകുപ്പ് ഇത് കാര്യമായി എടുത്തിട്ടില്ല. കഴിഞ്ഞവർഷം ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായപ്പോൾ ഏതാനും കുറച്ചു മരങ്ങൾ വെട്ടിമാറ്റിയതൊഴിച്ചാൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പൂർണമായി വെട്ടിയിട്ടില്ല.
ദുരന്തനിവാരണ ചെയർമാൻ കൂടിയായ ജില്ല കലക്ടർ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ കാലവർഷത്തിന് മുന്നോടിയായി ഇടുക്കിയിൽ ഇത് സംബന്ധിച്ച് യോഗം ചേരുകയും ഈ ദേശീയ പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പൂർണമായി നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ സംബന്ധിച്ച വനപാലക ഉദ്യോഗസ്ഥർ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും കണ്ണിൽ പൊടിയിടാൻ മാത്രമുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. സ്വദേശ വിദേശ വിനോദ സഞ്ചാരികളും ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിലേക്കുള്ളവരുടെയും പ്രധാന പാതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.