വഴിയില്ല, കുഴി മാത്രം വെട്ടിച്ചാൽ അടുത്ത കുഴിയിൽ വീഴും
text_fieldsഅടിമാലി: മൂന്നാർ - മാങ്കുളം റോഡിൽ വിരിപാറ മുതൽ ലക്ഷ്മി വരെ ഭാഗത്ത് അപകടം പതിയിരിക്കുന്നു. റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് യാത്ര അതീവ അപകട നിലയിലാണ്.
മഴ പെയ്തതോടെ വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത വിധം കുഴികളാണ്. ഇത്രയും അപകടകരമായ അവസ്ഥയായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഒരു കലുങ്ക് ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ കിടക്കുന്ന പാതയിലൂടെ ജീവൻ കൈയിൽ പിടിച്ചുവേണം യാത്ര ചെയ്യാൻ. ചിലയിടങ്ങളിൽ നിർമാണം നടക്കുന്നുണ്ട്. എന്നാൽ ഇത് കരാറുകാരന്റെ ലാഭവും എളുപ്പവും
നോക്കി മാത്രമാണെന്നാണ് ജനം പറയുന്നത്. വിരിപാറയിൽ നിന്ന് 15 കിലോമീറ്ററാണ് ലക്ഷ്മി വരെയുള്ളത്. ഇതിൽ പലയിടത്തും റോഡ് ഒലിച്ച്പോയി. റോഡിലെ കിടങ്ങിൽ വാഹനങ്ങൾ അകപ്പെടുന്നത് പതിവാണ്.
തനിയെ ഡ്രൈവ് ചെയ്ത് വരുന്നവരാണെങ്കിൽ കുഴികളിൽ കുടുങ്ങുമെന്നത് ഉറപ്പ്.
ബുധനാഴ്ച മാങ്കുളത്തേക്ക് വന്ന വിനോദ സഞ്ചാരികളുടെ കാർ കുഴിയിൽ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് പിന്നീട് കാർ കുഴിയിൽ നിന്ന് കയറ്റിയത്. മാങ്കുളം വിനോദ സഞ്ചാര കേന്ദ്രമായി മാറിയതോടെ മൂന്നാറിൽ നിന്ന് ഇവിടേക്കും തിരിച്ചും വാഹനങ്ങളുടെ തിരക്കാണ്.
കെ.എസ്.ആർ.ടി.സി ജംഗിൾ സവാരികളും ധാരാളമുണ്ട്. എന്നാൽ, റോഡിന്റെ അവസ്ഥ പരമദയനീയമാണ്.
മഴ പെയ്യുമ്പോൾ റോഡ് തിരിച്ചറിയുന്നതുപോലും പ്രയാസമാണ്. ഒരു കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചാൽ അടുത്ത കുഴിയിൽ വീഴുന്ന അവസ്ഥയാണ്. ഇരുചക്രവാഹനക്കാർ കുഴിയിൽ വീഴാതെ ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്.
തുടർച്ചയായി കുഴിയുള്ളതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത് ദീർഘദൂര യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴയത്ത് ചെളിയും മണ്ണും റോഡിലേക്ക് ഒഴുകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.