ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും താമസസൗകര്യം ഒരുക്കും -വീണ ജോർജ്
text_fieldsഅടിമാലി: ആദിവാസി മേഖലയിലെ പൂർണ ഗർഭിണികൾക്ക് അടിമാലി താലൂക്കാശുപത്രിയിൽ താമസിക്കാൻ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിദൂരമായതും അവികസിത പ്രദേശങ്ങളിൽ നിന്നും പ്രസവത്തിനായി ആശുപത്രിയിൽ എത്തുമ്പോൾ ഒന്നോ രണ്ടോ ദിവസം താമസം വന്നാൽ തിരികെ വീട്ടിലേക്ക് പോവുകയെന്നത് പ്രായോഗികമല്ല. മറ്റ് സൗകര്യങ്ങൾ കണ്ടെത്താൻ സാമ്പത്തികവും പ്രശ്നമാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് ആശുപത്രിയോട് ചേർന്ന് താമസിക്കാൻ സൗകര്യം ഒരുക്കുന്നത്. ഗർഭിണിക്കൊപ്പം ഒരു ബന്ധുവിനും കൂടെ താമസിക്കാം. ഇതിനായി ശുചിത്വവും സൗകര്യ പ്രദവുമായ താമസസ്ഥലം ഒരുക്കും. ഒരേ സമയം അഞ്ച് കുടുംബങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലമാണ് ഒരുക്കുക. വയനാട്ടിൽ ഈ പദ്ധതി നടപ്പാക്കി വളരെ പ്രയോജനകരമായി പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടിമാലി താലൂക്ക് ആശുപത്രിയിൽ പുതിയ തസ്തികകൾ കൊണ്ടുവരും. ഇവിടെ കാത്ത് ലാബ് വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നതും സർക്കാർ പരിഗണിനയിലാണ്. അഞ്ചു ഡയാലിസ് മെഷിനാണ് അടിമാലിയിൽ തുടങ്ങിയത്. ഇത് 10 മെഷിനാക്കി ഉയർത്താൻ നിർദേശം നൽകി. ലൈസൻസ് പ്രശ്നം പരിഹരിക്കാൻ രണ്ട് ദിവസത്തിനകം പതോളജിസ്റ്റിനെ നിയമിക്കും. കെട്ടിടത്തിന് സ്ഥിരം എൻ.ഒ.സി ഉടൻ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ പരിഗണന വെച്ച് അടിമാലിയിൽ ഉടൻ ബ്ലഡ് ബാങ്ക് തുടങ്ങും. ആർദ്രം മിഷന്റെ ഭാഗമായി സ്പെഷ്യാലിറ്റി ആശുപത്രിയായി അടിമാലിയെ മാറ്റും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ദേവികുളം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരും. അമ്മയും കുഞ്ഞും ജില്ല ആശുപത്രി യഥാർഥ്യമാക്കും. സമഗ്ര പക്ഷാഘാത വിഭാഗം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ സ്വാഗതം പറഞ്ഞു. ഡി.എം.ഒ ഡോ. എൽ. മനോജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, റബർ മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ പി.വി. സ്കറിയ, ഈറ്റ-തഴ-കാട്ടുവള്ളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുനിൽ എ. കുമാർ റിപ്പോർട്ടും സനില രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.