അടിമാലി-കുരങ്ങാട്ടി പാതയിൽ ഉയരുന്നത് ലഹരിയുടെ പുക...
text_fieldsഅടിമാലി: അടിമാലിയിൽനിന്ന് തലമാലിമാലി വഴി കുരങ്ങാട്ടിക്ക് പോകുന്ന വഴിയിൽ ഉയരുന്നത് ലഹരിയുടെ പുക. യുവാക്കളും കൗമാരക്കാരും കൂടുതൽ ഈ പാതയിൽ ലഹരിക്കടിപ്പെട്ട് അങ്ങിങ്ങായി കാണാം. വിനോദസഞ്ചാരികളും ആദിവാസികളും അടക്കമുള്ളവർക്ക് ലഹരിയെത്തിച്ച് നൽകാൻ വൻസംഘങ്ങൾ തന്നെ ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. അടിമാലി ടൗണിൽനിന്ന് അപ്സരകുന്ന് വഴിയുള്ള ദുർഘടം പിടിച്ച റോഡാണിത്. ടൗണിൽനിന്ന് എളുപ്പമാർഗത്തിൽ ഇവിടേക്ക് എത്താനും സാധിക്കും.
പൊലീസ് വാഹനങ്ങളോ എക്സൈസ് വാഹനങ്ങളോ ഈ പാതയിലൂടെ കയറ്റം കയറി തുടങ്ങിയാൽ ലഹരി മാഫിയക്ക് ഉടൻ വിവരം ലഭിക്കും. പിന്നെ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുമെന്നതാണ് ഇവിടം കേന്ദ്രീകരിക്കാൻ കാരണം. ലഹരിസംഘങ്ങളുടെ വെല്ലുവിളികളിലും ആക്രമണങ്ങളിലും ഭയന്ന് വേണം ഇതിലൂടെ സഞ്ചരിക്കാൻ. ലഹരിസംഘങ്ങളുടെ വലയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കണ്ണികളായതായി റിപ്പോർട്ടുണ്ട്. കഞ്ചാവും രാസലഹരിയും ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണവും വർധിച്ചത് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാക്കുന്നു.
ലഹരിസംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന്റെയും എക്സൈസിന്റെയും ഇടപെടൽ കാര്യമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്. കൂടുതൽ ആൾപ്പാർപ്പില്ലാത്ത സ്ഥലം എന്നതാണ് ഇവിടെ ലഹരി സംഘങ്ങൾ തമ്പടിക്കുന്നത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ മുതൽ കഞ്ചാവ്, രാസലഹരി എന്നിവയുടെ വ്യാപാരം പകലും രാത്രിയും തകൃതിയാണെന്ന് പരാതിയുമുണ്ട്. ആളൊഴിഞ്ഞ വീട് ലഹരിസംഘം താവളമാക്കിയതായി പ്രദേശവാസികൾ പറയുന്നു. പലരും ലഹരി സംഘങ്ങളുടെ ഭീഷണിമൂലം വിവരം പുറത്തുപറയാത്ത സാഹചര്യമാണ്. കഴിഞ്ഞ വർഷം അടിമാലി പൊലീസ് അഞ്ചു കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. മൂന്ന് വർഷത്തിനിടെ ഏഴ് എടുത്തിട്ടുണ്ടെങ്കിലും തുടരന്വേഷണം ഇല്ലാത്തതാണ് മാഫിയ ഇവിടെ താവളമാക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.