കണ്ണീരോർമയായി അടിമാലി ഉരുൾപൊട്ടൽ
text_fieldsഅടിമാലി: അടിമാലി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ടുവർഷം തികയുേമ്പാള്‍ കണ്ണീരോർമയില്‍ നാട്. 2018 ആഗസ്റ്റ് എട്ടിന് പുലർച്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ എട്ടുപേരാണ് മരിച്ചത്.
അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകന്‍ മുജീബ്(35), ഭാര്യ ഷെമീന (30) മക്കളായ ദിയഫാത്തിമ (7) നിയ മുജീബ് (അഞ്ച്), കംബ്ലികണ്ടം കുരുശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (46), കുരങ്ങാട്ടി കുറുമ്പനാനിക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭ (48) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഹസന്‍കുട്ടി (68), ഷെമീനയുടെ പിതാവ് ഹമീദിെൻറ സഹോദരന്‍ കൊല്ലം പുത്തന്‍വിള തെക്കേതില്‍ സൈനുദ്ദീന്‍ (50) എന്നിവര്‍ വീൽ ചെയറുകളിൽ ജീവിതം തള്ളി നീക്കുകയാണ്.
ഹസന്‍കുട്ടിയുടെ വീടിന് മുകള്‍ ഭാഗത്തുനിന്ന് 200 മീറ്റര്‍ ദൂരത്തില്‍ ഉരുള്‍പൊട്ടി ഹസന്‍കുട്ടിയുടെ വീട് ഉള്‍പ്പെടെ ഒലിച്ചുപോവുകയായിരുന്നു. ഏട്ടുമുറിയില്‍നിന്ന് അരീക്കാടിന് പോകുന്ന റോഡ് ഉൾെപ്പടെയാണ് ഒലിച്ചിറങ്ങിയത്. ഹസൻകുട്ടിയുടെ ഭാര്യയും മകനും പേരക്കുട്ടികളടക്കം അഞ്ചുപേരുടെ ജീവനാണ് കവർന്നത്. വീട്ടിലുണ്ടായിരുന്ന ഹസന്‍കുട്ടിയും സൈനുദ്ദീനും മാത്രമാണ് രക്ഷപ്പെട്ടത്.
മഴ രൗദ്രഭാവത്തിലായതോടെ ഭയന്ന ഹസന്‍കുട്ടിയും ഭാര്യയും സൈനുദ്ദീനും ഇറയത്തേക്ക് ഇറങ്ങി. ഈ സമയം മലവെള്ളത്തോടൊപ്പം വീടും വീട്ടിലുള്ളവരും ഒലിച്ചുപോയി. വലിയ ശബ്ദംകേട്ട് കുതിച്ചെത്തിയ നാട്ടുകാര്‍ പരിക്കേറ്റ് പാതി മണ്ണില്‍ പൂണ്ട് കിടന്ന ഹസന്‍കുട്ടിയെയും സൈനുദ്ദീനെയും ആശുപത്രിയിലെത്തിച്ചു. ആറിന് പാത്തുമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. ബാക്കിയുള്ളവരെ മണ്ണിനടിയില്‍ കാണാതായി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ മറ്റ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പുലർച്ച അഞ്ചിന് മണ്ണിടിഞ്ഞുവീണാണ് ആദിവാസി ദമ്പതികളായ മോഹനനും ഭാര്യ ശോഭനയും മരിച്ചത്.
മക്കളില്ലാത്ത ഇവര്‍ തനിച്ചായിരുന്നു താമസം. നാട്ടുകാര്‍ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് മണ്ണിനടിയില്‍നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡും മറ്റ് യാത്രമാര്‍ഗങ്ങളും തകര്‍ന്നതിനാല്‍ നാല് മണിക്കൂര്‍ ചുമന്നാണ് ഇരുവരുടെയും മൃതദേഹം അടിമാലിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കുരുശുകുത്തിയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചാണ് തങ്കമ്മ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും രണ്ട് മക്കളെയും നാട്ടുകാർ രക്ഷിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍നിന്ന് അരീക്കാട്-എട്ടേക്കര്‍ ഭാഗത്തേക്ക് പോകുന്ന റോഡ് ഉള്‍പ്പെടെയാണ് ഇവിടെ ഒലിച്ചുപോയത്. ഇത് ഇപ്പോഴും പണി പൂർത്തിയാക്കാതെ കിടക്കുകയാണ്. അരികാട്ടുള്ള 40 കുടുംബങ്ങൾ രണ്ടുവർഷമായി ദുരിതപൂർണമായ അവസ്ഥയിലാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവതും നഷ്ടമായ അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടി അധിക്യതരുടെ കനിവിനായി കാത്തിരിക്കുന്നു.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു.
ഇതില്‍ 7.6 ലക്ഷം മകന്‍ മുജീബിെൻറ ഭാര്യ ഷമീനയുടെ മാതാപിതാക്കള്‍ക്ക് നല്‍കി. ബാക്കി തുകയില്‍ അഞ്ചുലക്ഷത്തോളം രൂപ മകെൻറ കടം തീര്‍ക്കുന്നതിനായി വിനിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.