വീണ്ടും കൈക്കൂലി ആരോപണം നാണക്കേടിൽ അടിമാലി പൊലീസ്
text_fieldsഅടിമാലി: പൊലീസിനെതിരെ വീണ്ടും കൈക്കൂലി ആരോപണവും നടപടിയും വന്നതോടെ നാണക്കേടിൽ അടിമാലി പൊലീസ് സ്റ്റേഷൻ. വാഹന പരിശോധനക്കിടെ കഞ്ചാവ് ബീഡി കണ്ടെത്തിയ കേസ് ഒതുക്കിത്തീർക്കാൻ ഹൈവേ പൊലീസ് 36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആക്ഷേപത്തിൽ എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്കാണ് സസ്പെൻ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറ് അംഗ സംഘത്തിന്റെ വാഹനം ഹൈവേ പൊലീസ് വാളറയിൽവെച്ച് പരിശോധിച്ചു. ഒരു കഞ്ചാവ് ബീഡിയും മുന്തിയ ഇനം ഫോൺ, ടാബ് എന്നിവയും കണ്ടെത്തി. കഞ്ചാവ് ബീഡി കേസാകാതിരിക്കാൻ പൊലീസ് 36,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
പണം ഇല്ലാത്തതിനാൽ മൂന്ന് പേരെ പിടിച്ചുനിർത്തി മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങി വരാൻ അടിമാലിക്ക് തിരികെ അയച്ചു. മൂന്നുപേർ അടിമാലിക്ക് വരും വഴി മറ്റൊരു പൊലീസ് സംഘത്തിന്റെ മുന്നിൽപെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചത് അനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പൊലീസിന്റെ അടുക്കൽ എത്തി.
പണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ പൊലീസ് അഞ്ച് കേസുകൾ വാഹനത്തിനും യുവാക്കൾക്കും എതിരെ എടുത്ത് ഇവരെ പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്. ബുധനാഴ്ച വൈകീട്ട് തന്നെ ഇടുക്കി എസ്.പി വിവരം അറിഞ്ഞിരുന്നു. എസ്.പിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി സി.ഐ റിപ്പോർട്ട് എസ്.പിക്ക് കൈമാറി.
നേത്തേ വാഹന പരിശോധനക്കിടെ ട്രാഫിക് പൊലീസ് കൈക്കൂലി വാങ്ങി പിടിക്കപ്പെട്ടിരുന്നു. എസ്.ഐ , ഡ്രൈവർ എന്നിവർ സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.