എക്സ്–റേ യൂനിറ്റില്ല; സ്കാനിങ് മെഷീനും പ്രവർത്തിക്കുന്നില്ല
text_fieldsഅടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ എക്സ്–റേ യൂനിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒമ്പത് മാസം. ജീവനക്കാരനെ നിയമിക്കാത്തതിനാൽ സ്കാനിങ് മെഷീനും പ്രവർത്തിക്കുന്നില്ല. രോഗികൾ ഫലപ്രദമായ ചികിത്സ കിട്ടാതെ വിഷമിക്കുകയാണ്. ഇതോടെ ആളുകൾ പ്രതിഷേധത്തിലാണ്. ആശുപത്രിക്കായുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എക്സ്റേ യൂനിറ്റ് കെട്ടിടം പൊളിച്ചുമാറ്റിയതോടെയാണ് പ്രവർത്തനം നിർത്തിവച്ചത്. പകരം സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി അധികൃതർ തയാറാകണമെന്ന ആവശ്യം നടപ്പായില്ല. ഇതോടെ മാസങ്ങളായി സ്വകാര്യ എക്സ്റേ ലാബുകളെ ആശ്രയിക്കേണ്ട രോഗികളുടെ ഗതികേട് തുടരുകയാണ്.
ശരാശരി 1500 രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ദേവികുളം താലൂക്കിലെയും ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആശ്രയമാണ് ഈ ആശുപത്രി. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ പിറക്കുന്നത് ഇവിടെയാണ്. ഗർഭിണികൾക്ക് സ്കാനിങ് മിക്കവാറും നിർബന്ധമാണ്.
സ്കാനിങ് മെഷീൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ജീവനക്കാരില്ല. താൽകാലിക ജീവനക്കാരെ തേടുന്നുണ്ടെങ്കിലും ശമ്പളം കുറവായതിനാൽ ആരും താൽപര്യപ്പെടുന്നില്ലെന്ന് അധികൃതർ പറയുന്നു. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ എക്സ്റേ യൂനിറ്റ് പ്രവർത്തനം ആരംഭിക്കാൻ കഴിയും.
നാലു മാസം മുമ്പ് കെട്ടിട നിർമാണം പൂർത്തിയായി. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് എക്സ്റേ യൂനിറ്റിന്റെ ബോർഡ് മാത്രം വെച്ചു. മൂന്നാഴ്ച മുമ്പ് വൈദ്യുതി കണക്ഷൻ ലഭിച്ചു. എന്നാൽ എക്സ്റേ സാമഗ്രികൾ ഇൻസ്റ്റാൾ ചെയ്യാൻ വൈദഗ്ധ്യമുള്ള ടെക്നീഷ്യൻ വേണമെന്നും ഇതിന് വേണ്ടി തെരച്ചിൽ നടക്കുന്നുവെന്നും പറയുന്നു.
ആശുപത്രിയുടെ നിയന്ത്രണമുള്ള ബ്ലോക്ക് പഞ്ചായത്തും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും മുടന്തൻ ന്യായങ്ങൾ നിരത്തി മുന്നോട്ടു പോകുമ്പോൾ ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളിൽ എക്സ്റേ ആവശ്യമായി വരുന്നവരുടെ ദുരിതം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ആദിവാസി സങ്കേതങ്ങളിൽ നിന്നുള്ളവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഇത്രയേറെ ദുരിതം അനുഭവിക്കുന്ന രോഗികൾ ഒമ്പത് മാസത്തോളമായി സ്വകാര്യ എക്സ്റേ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതിനു പിന്നിൽ ഭരണാധികാരികളുടെ ഉദാസീന നിലപാടാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.