അടിമാലി താലൂക്ക് ആശുപത്രി: ഡയാലിസിസ് യൂനിറ്റും ബ്ലഡ് ബാങ്കും യാഥാർഥ്യമായില്ല
text_fieldsഅടിമാലി: ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസ് യൂനിറ്റ്, ബ്ലഡ് ബാങ്ക് എന്നിവ തുടങ്ങാൻ നടപടിയായില്ല. യൂനിറ്റ് തുടങ്ങാൻ രണ്ടുവർഷം മുമ്പ് ഇവിടെ എത്തിച്ചതിൽ പകുതി മെഷീനുകൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫയർ ആൻഡ് സേഫ്റ്റി എൻ.ഒ.സി ലഭിക്കാൻ സ്ഥാപിക്കേണ്ട വാട്ടർ ടാങ്ക് നിർമാണം അനിശ്ചിതമായി നീളുന്നു.
അഞ്ചുവർഷം മുമ്പാണ് സർക്കാർ ബി.എസ്.എസ് ഫണ്ട് ഉപയോഗിച്ച് 10 ഡയാലിസിസ് മെഷീൻ എത്തിച്ചത്. കെട്ടിടം ഒരുക്കൽ ഉൾപ്പെടെ 360 ലക്ഷം രൂപ ഇതിനായി ചെലവായിരുന്നു.നിർമാണങ്ങളെല്ലാം പൂർത്തിയായെങ്കിലും 2.15 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിർമിച്ചാലേ ഫയർ എൻ.ഒ.സി ലഭിക്കൂ. പൊതുമരാമത്ത് വിഭാഗം ടെൻഡർ നടപടി സ്വീകരിക്കുന്നതിലെ കാലതാമസമാണ് ഇതിന് തടസ്സം.
കോവിഡ് കാലത്ത് ഇടുക്കി മെഡിക്കൽ കോളജിൽ ഡയാലിസിസ് യൂനിറ്റിൽ മെഷീനിന്‍റെ കുറവ് പരിഹരിക്കാനാണ് കലക്ടറുടെ പ്രത്യേക അനുമതിയാടെ അഞ്ച് മെഷീനുകൾ കൊണ്ടുപോയത്. ബാക്കിയുള്ളവ തുരുമ്പെടുത്ത് നശിക്കുന്നു.
ജില്ലയിൽ വൃക്കരോഗികൾ കൂടുതലുള്ള സ്ഥലമെന്ന പരിഗണനയിലാണ് അടിമാലിയിൽ ആധുനിക സൗകര്യങ്ങളാടെ ഡയാലിസ് സെന്‍റർ അനുവദിച്ചത്. ഡയാലിസിസ് ആവശ്യമായ രോഗികൾ ഇപ്പോൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
പതിറ്റാണ്ട് മുമ്പ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സിന് ചേർന്ന് ബ്ലഡ് ബാങ്ക് സ്ഥാപിച്ചിരുന്നു. എന്നാൽ, ഉദ്ഘാടനം നടത്താതെ ഇത് നശിക്കുകയായിരുന്നു. രണ്ടാമത് അനുവദിച്ച ബ്ലഡ് ബാങ്ക് എങ്കിലും തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.