അടിമാലി താലൂക്ക്: ആശുപത്രി വളർന്നു; സൗകര്യങ്ങൾ കുറഞ്ഞു
text_fieldsഅടിമാലി: ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ആതുരാലയമാണ് അടിമാലി താലൂക്ക് ആശുപത്രി. എന്നാൽ, അത്ര സുഖകരമല്ല ഇവിടത്തെ സ്ഥിതി. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ പിറന്നിരുന്ന ഈ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കാതെയായിട്ട് 15 ദിവസത്തിലധികമായി. ഇവിടെ ഉണ്ടായിരുന്ന ഗൈനക്കോളജി മേധാവിയെ സ്ഥലംമാറ്റി. പകരം സമാന യോഗ്യതയും പരിചയസമ്പത്തുമുള്ള ഡോക്ടറെ നിയമിച്ചെങ്കിലും മെഡിക്കൽ ലീവിൽ പോയതാണ് ഇപ്പാഴത്തെ പ്രശ്നം. മൂന്ന് ഗൈനക്കോളജിസ്റ്റുള്ള ഇവിടെ ഇപ്പോൾ ഒരു ജൂനിയർ ഡോക്ടർ മാത്രമാണുള്ളത്.
മൂന്ന് താലൂക്കിലെ ജനങ്ങള്‍ ആശ്രയിച്ചുവരുന്നതും 185 പട്ടികവർഗ കോളനിക്കാരുടെ ഏക ആശ്രയവുമാണ് ഈ ആശുപത്രി. 66 ബെഡുകളോടെ 1961ലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തനം തുടങ്ങിയത്. 2001ല്‍ താലൂക്ക് ആശുപത്രിയായി ഉയർത്തി. എന്നാൽ, ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ല. 1961ലെ കണക്ക് അനുസരിച്ചാണ് ജീവനക്കാരുള്ളത്. വിശാലമായ കെട്ടിടങ്ങളും 130 കട്ടിലുകളുമായി ആശുപത്രി വളർന്നെങ്കിലും ജീവനക്കാരെ വർധിപ്പിക്കാൻ ഇതുവരെ തയാറാകാത്തതാണ് രോഗികളെ വലക്കുന്നത്.
അവഗണന തുടർച്ച; ദുരിതം രോഗികൾക്ക്
21 ഡോക്ടർമാരുടെ തസ്തികയാണ് ഈ ആശുപത്രിയിലുള്ളത്. ഇതിൽ സൂപ്രണ്ട്, രണ്ട് ഗൈനക്കോളജി ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ കുറവുണ്ട്. നഴ്സിങ് ജീവനക്കാരിൽ എട്ടു ജീവനക്കാരുടെ കുറവുണ്ട്. പാർടൈം സ്വീപ്പർമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ശുചീകരണ തൊഴിലാളികൾ മൂന്നുപേർ മാത്രമാണ് ഉള്ളത്. ആശുപത്രി വികസനസമിതി ആറുപേരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും ഇതും പോരാ. ഐ.സി.യു ആംബുലൻസാണെങ്കിൽ പലപ്പോഴും നിസ്സാര കാരണങ്ങളാൽ ഓടില്ല. ശുചിമുറികളും തകർച്ചയിലാണ്. രോഗികളുടെ ബാഹുല്യംമൂലം കൃത്യമായി പരിചരണം നൽകാൻപോലും പറ്റുന്നില്ല. വർഷത്തിൽ 2300നടുത്ത് കുട്ടികൾ ഈ ആശുപത്രിയിൽ ജനിക്കുന്നു. 500നടുത്ത് ഓപറേഷനും നടക്കുന്നു.
ലാബ്, ഫാർമസി തുടങ്ങിവയിൽ താൽക്കാലിക ജീവനക്കാരാണ് കൂടുതൽ. ഒ.പിയിലും കാഷ്വൽറ്റിയിലുമായി പ്രതിദിനം 2100ലധികം രോഗികൾ എത്തുമ്പാൾ 130 ബെഡുകളിലായി 150ലേറെ പേര് ചികിത്സയിലുമുണ്ട്. അനസ്തറ്റിസ്റ്റ് ഇവിടെ ഇല്ല. കൊണ്ടുവരണമെങ്കില്‍ 2000 രൂപ രോഗി നല്‍കണം. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഉച്ചക്ക് ഒന്നു വരെയാണ് ഇവിടെ ഒ.പിയുള്ളത്. ഇതിന് ശേഷം വരുന്ന രോഗികളെല്ലാം ക്വാഷ്വൽറ്റിയിലെത്തി ഡോക്ടറെ കാണണം. രോഗികളുടെ എണ്ണം കൂടിയതോടെ ഉച്ചക്കുശേഷം വലിയ തിരക്കാണ്. അപകടങ്ങളിൽപെടുന്നവരും മറ്റ് രോഗികളും കൂട്ടത്തോടെ എത്തുന്നതോടെ അത്യാഹിത വിഭാഗം ഏറെ പ്രതിസന്ധിയിലാകും. ഇവിടെ ഒരു ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടാവുക. അത്യാസന്നനിലയിലെത്തുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടറോട് മറ്റു രോഗങ്ങളുമായെത്തുന്നവർ പരിശോധിക്കാൻ തിരക്കുകൂട്ടുന്നത് പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സാധാരണ ഒ.പി വൈകീട്ട് അഞ്ചു വരെയാക്കുകയും അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് നാല് ഡോക്ടർമാരെ നിയമിക്കുകയുമാണ് വേണ്ടത്. അത്യാഹിത വിഭാഗത്തിന് മുൻഭാഗം മുതൽ മോർച്ചറി വരെ ടൈൽ ഇളകിയും വെള്ളം കെട്ടിക്കിടന്നും ദുരിതവുമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.