അടിപൊളി നിറം, അടിമുടി മായം: 4.5 കിലോ ഏലം പിടികൂടി കത്തിച്ചു
text_fieldsഅടിമാലി: വില കൂടുതൽ കിട്ടാൻ ഏലക്കയിൽ കൃത്രിമ നിറം ചേർക്കുന്നത് വ്യാപകമാകുന്നു. ബൈസണ്‍വാലിയില്‍ നിന്നും കളറും രാസവസ്തുവും ചേര്‍ത്ത 4.5 കിലോ ഉണക്ക ഏലക്ക പിടിച്ചെടുത്ത് തീയിട്ട് നശിപ്പിച്ചു. കടുത്ത പച്ച നിറമുള്ള ഉണങ്ങിയ ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും. ഇതിൽ കണ്ണുനട്ടാണ് ചില കര്‍ഷകരും വ്യാപാരികളും കൃത്രിമ നിറം ചേർക്കുന്നത്. ഒരുകിലോ ഉണക്ക ഏലക്കക്ക് 1,000 -1,800 രൂപയാണ് ഇപ്പോഴത്തെ വില നിലവാരം.
ഇടുക്കി ജില്ലയില്‍ ഏലം ഉല്‍പാദന മേഖലയില്‍ അനധികൃതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി തുടങ്ങിയത്. കൃത്രിമ നിറങ്ങളുടെയും ഫുഡ് ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെയും ഉപയോഗം വര്‍ധിക്കുകയാണ്. ഇതിന്‍റ അടിസ്ഥാനത്തിൽ 'ഓപ്പറേഷന്‍ ഏലാച്ചി' എന്ന േപരിൽ 2020 ഒക്ടോബര്‍ മാസമാണ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന തുടങ്ങിയത്.
ബൈസണ്‍വാലി മേഖലയില്‍ പലയിടങ്ങളിലും മായം ചേര്‍ക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ 30 ഓളം പരിശോധനകളിലാണ് 4.5 കിലോ ഏലക്ക കണ്ടെത്തി നശിപ്പിച്ചത്. കൂടാതെ 6 സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. ബൈസണ്‍വാലി പഞ്ചായത്തില്‍ പോസ്റ്റ് ഓഫിസ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ഏലം ഡ്രൈയിങ് യൂനിറ്റില്‍ നിന്നാണ് നിറം ചേര്‍ത്ത ഏലക്ക പിടികൂടി പിഴ ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം ഭക്ഷ്യ സുരക്ഷ വകുപ്പും സ്‌പൈസസ് ബോര്‍ഡും നടത്തിയ 40ഓളം പരിശോധനകളില്‍ ഇത്തരം കൃത്രിമം കണ്ടെത്തിയിരുന്നു. അന്ന് ഒരുസ്ഥാപനം അടപ്പിക്കുകയും 1 ലക്ഷം രൂപ വരെ പിഴ ഇൗടാക്കുകയും ചെയ്തു.
സുഗന്ധ വ്യഞ്ജനങ്ങളില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം അനുവദിനീയമല്ല. അങ്ങനെ ചെയ്താൽ സ്ഥാപനം പൂട്ടിച്ച് പിഴ ഈടാക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനകള്‍ക് ദേവികുളം ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ബൈജുജോസഫ്, തൊടുപുഴ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍. ഷംസിയ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.