മദ്യം നിർമിച്ചു കഴിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
text_fieldsഅടിമാലി: മൂന്നാർ ചിത്തിരപുരത്ത് സ്വന്തമായി മദ്യം ഉണ്ടാക്കി കഴിച്ച ഹോം സ്റ്റേ ഉടമയടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ. ചിത്തിരപുരം മിസ്റ്റി ഹോം സ്റ്റേ ഉടമ കോട്ടാരത്തിൽ തങ്കപ്പൻ (72), ജീവനക്കാരൻ ചിത്തിരപുരം കല്ലൂപ്പറമ്പിൽ ജോബി (28), ട്രാവൽ ഏജൻറ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജ് മോഹൻ (48) എന്നിവരാണ് മദ്യം കഴിച്ച് അവശനിലയിലായത്.
ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിലും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മനോജിെൻറ നേതൃത്വത്തിൽ നിർമിച്ച മദ്യം ശനിയാഴ്ച രാത്രിയോടെ മൂവരും തേൻ ചേർത്ത് കഴിക്കുകയായിരുന്നു. മദ്യം കൃത്രിമമായി നിർമിച്ചതാണെന്നാണ് എക്സൈസ് നിഗമനം.
തിങ്കളാഴ്ച പുലർച്ച തങ്കപ്പെന ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11ഓടെ സഹായി ജോബിയെയും അമിതമായ ഛർദിയെ തുടർന്ന് ഇതേ ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് രാത്രിയോടെ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മനോജ് മോഹനും ഭാര്യയും കുട്ടിയുമായി ഹോം സ്റ്റേയിലെത്തിയത്.
ഞായറാഴ്ച തിരികെ പോയി. വൈകീട്ടോടെ മനോജിന് കാഴ്ചക്കുറവും ഛർദിയും ഉണ്ടായി.
മദ്യം കഴിച്ചതു മൂലമാണ് കാഴ്ചക്കുറവും ഛർദിയും ഉണ്ടായതെന്നു മനസ്സിലാക്കി വെള്ളത്തൂവൽ പൊലീസ് ചിത്തിരപുരം ഹോം സ്റ്റേയിലെത്തി അന്വേഷിച്ചപ്പോഴാണ് തങ്കപ്പനും ജോബിയും കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് വ്യക്തമായത്. മനോജ് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രക്തസാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് സി.ഐ ആർ. കുമാർ പറഞ്ഞു. ഹോംസ്റ്റേ പൊലീസ് അടപ്പിച്ചു.
കോട്ടയത്തുനിന്ന് സയൻറിഫിക് സംഘം ബുധനാഴ്ച സ്ഥലത്തെത്തും. എക്സൈസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സാനിറ്റൈസർ നിർമാണത്തിെനന്ന വ്യാജേന ആൽക്കഹോൾ കൊറിയർവഴി വരുത്തിയതായും ഇതുപയോഗിച്ച് മദ്യം നിർമിച്ചു കഴിച്ചതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.