രോഗികളുമായി പോയ ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്
text_fieldsഅടിമാലി: ദേശീയപാതയിൽ ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞു. രോഗികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടം.
അടിമാലി കൂറത്തിക്കുടി ആദിവാസി കോളനിയിൽ താമസക്കാരായ സന്തോഷ് (24), അന്നമ്മ (40), റാണി (36), സനീഷ് (15), ബിജു (42), വേലിയാംപാറകുടിയിലെ മിനി (42), പത്മ(64) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അടിമാലി താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെ താലൂക്ക്ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗികളുമായി കോട്ടയത്തേക്ക് പോകുംവഴി ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം ദേശീയപാതയുടെ വിസ്താരം കുറഞ്ഞ ഭാഗത്തുെവച്ചായിരുന്നു അപകടം.
ഇതുവഴിവന്ന വാഹനത്തിലെ യാത്രക്കാരും അടിമാലി അഗ്നിരക്ഷാ സേന വിഭാഗവും പൊലീസും എത്തി അപകടത്തിൽപെട്ടവരെ അടിമാലി താലൂക്ക്ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസ് പാതയോരത്തുനിന്ന് 50 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കുത്തനെ പതിക്കുകയാണുണ്ടായത്.
രണ്ട് രോഗികളാണ് അംബുലൻസിൽ ഉണ്ടായിരുന്നത്. ഇവർക്ക് ഗുരുതര ആരോഗ്യപ്രശ്നം ഇല്ലായിരുന്നു. അപകടത്തിൽ പരിക്കേറ്റതോടെ ഇവരെ തിരിച്ച് താലൂക്ക്ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഇതോടെ രോഗികളെ അനാവശ്യമായി റഫർ ചെയ്ത സംഭവം വിവാദമായി.
രണ്ട് രോഗികളെ ഒരു ആംബുലൻസിൽ കയറ്റിയ സംഭവം സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.