മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ അമ്യൂസ്മെന്റ് പാര്‍ക്ക്; നിരോധന ഉത്തരവ് മറികടന്ന് നിർമാണം തുടരുന്നു
text_fieldsഅടിമാലി: സി.പി.എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നിര്‍മിക്കുന്ന അമ്യൂസ്മെന്റ് പാര്ക്കിന് റവന്യൂവകുപ്പ് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയെങ്കിലും നിർമാണം തുടരുന്നു. ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയിൽ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തികൾ. നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് റവന്യൂവകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുഴയുടെ 50 വാരയ്ക്കുള്ളില്‍ നടക്കുന്ന നിര്‍മാണമായതിനാല്‍ നല്കാന് കഴിയില്ലെന്നാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് നല്കിയ മറുപടി.
തുടർന്ന് നിർത്തിവെക്കാൻ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ, പണികൾ നിർത്താൻ ഇവർ തയാറായിട്ടില്ല. യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് നീക്കുന്നതടക്കമുള്ള ജോലികളാണ് നടക്കുന്നത്. എം.എം. മണി മന്ത്രിയായിരിക്കെയാണ് വൈദ്യുതിവകുപ്പിന്റെ കീഴിലെ ഹൈഡല്‍ പാര്‍ക്കില്‍ മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാര്‍ക്ക് അടക്കമുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനായിരുന്നു പദ്ധതി.
ഇതിനായി 12 കോടിയിലധികം തുക വകയിരുത്തി കൂറ്റന്‍ റൈഡറടക്കം എത്തിച്ചു. പാര്‍ക്ക് യാഥാർഥ്യമാകുന്നതോടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില നേതാക്കളുടെ സ്വർഥ താല്പര്യങ്ങള് സംരക്ഷിക്കാനാണ് പാര്‍ക്കില്‍ നിര്‍മാണങ്ങള്‍ നടത്തുന്നതെന്ന ആരോപണവുമായി സി.പി.ഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.