അംഗൻവാടികൾ അത്ര സ്മാർട്ടല്ല
text_fieldsഅടിമാലി: സ്മാർട്ട് അംഗൻവാടികൾക്ക് ലക്ഷങ്ങൾ മുടക്കുമ്പോഴും അപകടാവസ്ഥയിലും വാടകക്കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന അംഗൻവാടികൾ സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. 26 അംഗൻവാടിയുള്ള മാങ്കുളം പഞ്ചായത്തിലാണ് സ്ഥിതി ഏറെ മോശം. എസ്.സി കോളനി അംഗൻവാടി ലൈഫ് ഭവന പദ്ധതി പ്രകാരം സ്വകാര്യ വ്യക്തിക്ക് ലഭിച്ച കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ മുനിപ്പാറ അംഗൻവാടി ഗ്രാമവികസന കേന്ദ്രത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റി. മാങ്കുളം ടൗണിലെ അംഗൻവാടി നിർമാണം അനന്തമായി നീളുന്നത് കുട്ടികളുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. വൈദ്യുതി ഉൾപ്പെടെ എത്തിച്ചാൽ സ്മാർട്ട് അംഗൻവാടി തുറക്കാമെങ്കിലും ഒച്ചിഴയും വേഗമാണ്. കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ വേലിയാംപാറ അംഗൻവാടിയിൽനിന്ന് കുട്ടികളെ മാറ്റി.
12 അംഗൻവാടി കെട്ടിടങ്ങളാണ് ശോച്യാവസ്ഥയിലുള്ളത്. മോശം അവസ്ഥയിലാണ് സിങ്കുകുടി അംഗൻവാടി പ്രവർത്തിക്കുന്നത്. പഞ്ചായത്തിന് സ്വന്തമായി എ.ഇ ഇല്ലാത്തത് നടത്തിപ്പിന് ഗുരുതര പ്രശ്നം ഉണ്ടാക്കുന്നു. ഇടമലക്കുടി പഞ്ചായത്തിലെ എ.ഇക്കാണ് ഇവിടെ അധിക ചുമതല. മറ്റ് മൂന്നിടത്ത് ഉൾപ്പെടെ അഞ്ച് പഞ്ചായത്തിന്റെ ചുമതല ഒരു എ.ഇക്ക് നൽകിയത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അഞ്ച് അംഗൻവാടികളിൽ ടീച്ചർ ഇല്ല. താൽക്കാലിക ടീച്ചർമാരെ നിയമിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഭിന്നശേഷി കുട്ടികൾക്കുള്ള ഫണ്ട് പോഷകാഹാരം അംഗൻവാടികളിൽ എത്തിക്കുന്ന വാഹനങ്ങൾക്കുള്ള ഫണ്ട്, പച്ചക്കറി, ഗ്യാസ് തുടങ്ങിയവയുടെ ഫണ്ടുകൾ പഞ്ചായത്ത് നൽകാതെ വരുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.