ഡോക്ടർമാരും ജീവനക്കാരുമില്ല; മൃഗസംരക്ഷണ വകുപ്പിൽ പ്രതിരോധം പാളുന്നു
text_fieldsഅടിമാലി: പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഊർജിതമായി നടക്കുമ്പോഴും മൃഗസംരക്ഷണ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജനറൽ ട്രാൻസ്ഫറിൽ പത്തോളം ഡോക്ടർമാർകൂടി ജില്ലയിൽനിന്ന് പോകുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 83 ഡോക്ടർമാരാണുള്ളത്. 62 മൃഗാശുപത്രികളിൽ 20ഓളം ഡോക്ടർമാരുടെ കുറവുണ്ട്. താൽക്കാലികരെയും അധിക ചുമതലയും നൽകി ഒരുവിധം മുന്നോട്ടുപോകുന്നതിനിടെയാണ് ജില്ല മാറിയുള്ള ജനറൽ ട്രാൻസ്ഫർ ഇറങ്ങിയത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി. 148 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ ജില്ലയിലുള്ളതിൽ ഗ്രേഡ് ഒന്നിൽ ആറും ഗ്രേഡ് രണ്ടിൽ 10ഉം ഒഴിവുണ്ട്. വെറ്ററിനറി സർജന്റെ ഒഴിവുകളുള്ളതിൽ കൂടുതൽ തസ്തികകളിലും എംപ്ലോയ്മെന്റിലൂടെ താൽക്കാലിക നിയമനം നടത്തി.
ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കുറവ് പ്രതിരോധ കുത്തിവെപ്പിനെ സാരമായി ബാധിച്ചു. ഉയർന്ന സ്ഥാനക്കയറ്റം കിട്ടി സ്വന്തം നാടുകളിലേക്ക് സ്ഥലംമാറിപ്പോയ കസേരകളാണ് ആളൊഴിഞ്ഞ് കിടക്കുന്നത്. എല്ലാ വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് പഞ്ചായത്ത്, നഗരസഭ തലത്തിൽ പുരോഗമിക്കുകയാണ്. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും നടക്കുന്നുണ്ട്. മറ്റ് വളർത്തുമൃഗങ്ങൾക്കുള്ള കുത്തിവെപ്പും വന്നതോടെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ്. കോവിഡാനന്തരം പശുക്കളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും എണ്ണം അഞ്ച് മടങ്ങ് വർധിച്ചതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ഈ വർധനതന്നെ വെറ്ററിനറി സബ് സെന്ററിലെയും വെറ്ററിനറി ഡിസ്പെൻസറികളിലെയും ഉദ്യോഗസ്ഥർക്ക് ഇരട്ടി ഭാരമാണ്. ഇതിന് പുറമെയാണ് തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഒഴിവുള്ളിടത്തേക്ക് മറ്റ് സബ് സെന്ററുകളിലെ ഇൻസ്പെക്ടർമാർക്ക് അധിക ചുമതല കൊടുക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.