വവ്വാലുകൾക്ക് പുറമെ വെട്ടുക്കിളികളും: കർഷകർ ആശങ്കയിൽ
text_fieldsഅടിമാലി: വവ്വാലുകൾക്ക് പുറമെ വെട്ടുകളി ശല്യം കൂടി രൂക്ഷമായതോടെ കൊന്നത്തടി പഞ്ചായത്തിലെ കർഷകർ ഭീതിയിൽ. പെരിഞ്ചാംകുട്ടി മേഖലയിലാണ് വവ്വാലുകളുടെ ശല്യം. ഇവിടെ തേക്ക് പ്ലാന്റേഷൻ കീഴടക്കി ആയിരക്കണക്കിന് വവ്വാലുകളാണ് ഉള്ളത്. ഇവ വ്യാപകമായി കൃഷി നശിപ്പിച്ച് വരുന്നതിനിടെയാണ് വെട്ടുക്കിളി ശല്യം കൂടി ഉണ്ടായത്. പഞ്ചായത്തിലെ പൊന്മുടി, ഇരുമലക്കപ്പ്, തെള്ളിത്തോട് മേഖലകളിലാണ് വെട്ടുകിളി ശല്യം വ്യാപകമാകുന്നത്. ഏലം, തെങ്ങ്, വാഴ, പച്ചക്കറി, എന്നിവയുടെ ഇലകളാണ് കൂടുതലായി തിന്നു തീർക്കുന്നത്. സമീപ പ്രദേശങ്ങളിലേക്കുകൂടി ശല്യം വ്യാപിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
കർഷകരുടെ പരാതിയെ തുടർന്ന് വെട്ടുക്കിളി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വിദഗ്ധർ കഴിഞ്ഞ ദിവസം പരിശോധന നടത്തി. കേരള കാർഷിക സർവകലാശാല കണ്ണാറവാഴ ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ. ഗവാസ് രാഗേഷ്, കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം അസി. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ ടോം ചെറിയാൻ, കൊന്നത്തടി കൃഷി ഓഫിസർ കെ.ഡി. ബിജു എന്നിവരാണ് പരിശോധനക്ക് എത്തിയത്. ഭീമൻ പുൽച്ചാടി, കോഫി ലോക്കോസ്റ്റ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വെട്ടുകിളിയാണ് കൃഷിയിടങ്ങളിൽ വ്യാപകമായതെന്നും തേക്കുമരങ്ങൾ കൂടുതലുള്ള സ്ഥലത്ത് നിന്നാണ് ഇവ കൃഷിയിടത്തിലേക്ക് എത്തുന്നതെന്നും സംഘം വിലയിരുത്തി.
ഒന്നര മാസം വരെ ആയുർ ദൈർഘ്യമുള്ള ഇവയിപ്പോൾ മുട്ടയിട്ട് പെരുകുന്ന സമയമാണ്. വേപ്പിൻ പിണ്ണാക്ക്, വേപ്പെണ്ണ കലർന്ന മിശ്രിതങ്ങൾ എന്നിവ വെട്ടുക്കിളി നിയന്ത്രണത്തിന് സഹായകരമാണ്. എണ്ണം ക്രമാതീതമായി പെരുകിയാൽ രാസ കീട നിയന്ത്രണ മാർഗങ്ങൾ അവലംബിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.