നിർമാണവസ്തുക്കൾ മോഷ്ടിച്ച് കടത്തുന്നതിനിടെ ആക്രിക്കട വ്യാപാരി ഉൾപ്പെടെ നാലുപേർ പിടിയിൽ
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോൺക്രീറ്റ് നിർമാണ വസ്തുക്കൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ആക്രിക്കട വ്യാപാരി ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. മറയൂരിൽ ആക്രിക്കട നടത്തുന്ന പെരുമ്പാവൂർ കണ്ടന്തറ വാളൂരാൻ വീട്ടിൽ അബ്ദുൽജലീൽ (33), മറയൂർ പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന സൻജയ് (23), മോഷണ വാഹനത്തിന്റെ ഡ്രൈവർ തിരുവനന്തപുരം കടക്കാവൂർ എം.എസ് നിവാസിൽ ലിജു മണി (32), മറയൂർ പത്തടിപ്പാലം ഇന്ദിര കോളനിയിൽ താമസിക്കുന്ന വിഷ്ണു വിജയൻ (26) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
നൈറ്റ് പട്രോളിങ്ങിനിടെ സാധനങ്ങൾ ലോറിയിൽ കയറ്റുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഇവരെ ചോദ്യംചെയ്തപ്പോൾ രണ്ടുപേർ ഓടിക്കളയാൻ ശ്രമിച്ചു. ഏറെ സാഹസപ്പെട്ട് ഇവരെ പിടികൂടി. പിന്നീട് മറയൂർ പൊലീസിന്റെ സഹായത്തോടെയാണ് രണ്ടുപേരെക്കൂടി കണ്ടെത്തിയത്. മിനിലോറിയിലെ മോഷണ വസ്തുക്കളും പൊലീസ് പിടികൂടി. ദേശീയപാതയിൽ കോൺക്രീറ്റ് നിർമാണ ജോലികൾ നടന്നു വരുകയാണ്.
ധാരാളം നിർമാണവസ്തുക്കൾ റോഡിലുണ്ട്. ഇത് കണ്ടശേഷം മറയൂരിലെ ആക്രിക്കട വ്യാപാരി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. മറയൂരിൽനിന്ന് സഹായത്തിന് ആളെക്കൂട്ടി വന്ന് ലോറിയിൽ കയറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. നേരത്തേ ഇത്തരത്തിൽ ഇവർ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ സിദ്ദീഖ്, അഭിറാം അബ്ബാസ്, സിവിൽ പൊലീസ് ഓഫിസർ ഷാബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.