കല്ലാർവാലി എസ്റ്റേറ്റ് ആക്രമണം; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsഅടിമാലി: കല്ലാര്‍വാലി കാര്‍ഡമം എസ്റ്റേറ്റില്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്തു. എറണാകുളം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു.
സംഘർഷവുമായി ബന്ധപ്പെട്ട് സ്ഫോടനം നടന്നതിനാൽ ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ മൂന്നു പേർ അപകടനില തരണം ചെയ്തു. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ സാന്നിധ്യവും ഇവരുടെ പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും സംശയിക്കുന്നു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെളളിയാഴ്ച രാവിലെ 10 മണിയോടെയാണ് വലിയ സംഘർഷം നടന്നത്. എസ്റ്റേറ്റ് ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം തീർത്ത ശേഷം വടിവാൾ അടക്കം മാരകായുധങ്ങളുമായി ആക്രമണം നടത്തിയവർ കണ്ടവരെയെല്ലാം വെട്ടി വീഴ്ത്തി. എസ്റ്റേറ്റ് ഉടമയുമായി ബന്ധപ്പെട്ട മൂന്നുപേര്‍ക്കും രണ്ട് നാട്ടുകാര്‍ക്കുമാണ് വെട്ടേറ്റത്.
ഹൈദരാബാദ് എസ്.എസ്.ഡി.എല്‍ കമ്പനിയുടെ കല്ലാര്‍ വാലി കാര്‍ഡമം എസ്റ്റേറ്റ് 2021ല്‍ ഒമ്പത് വര്‍ഷത്തേക്ക് വള്ളക്കടവ് വാലുമ്മേല്‍ ബിനോയ് വർഗീസ് ലീസിന് എടുത്തിരുന്നു. തുടര്‍ന്ന് ലീസ് വ്യവസ്ഥ പാലിക്കാതെ 18 ഏക്കര്‍ സ്ഥലവും ബംഗ്ലാവും കൈയേറിയതിനെ തുടര്‍ന്ന് ലീസ് തുകയില്‍ നിന്നും 24 ലക്ഷം രൂപ വാടകയായി ഇടാക്കി. ഇത് തര്‍ക്കത്തിനിടയാക്കി. ഉടമക്ക് നല്കിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് ഹൈദരാബാദ് കോടതിയില്‍ കേസും നടക്കുന്നുണ്ട്.
മധ്യസ്ഥ ചര്‍ച്ചക്കായി കമ്പനി മാനേജര്‍, സൂപ്രണ്ട്, ലീഗല്‍ അഡ്വൈസര്‍ എന്നിവരും എസ്റ്റേറ്റിലെ പിരിച്ചുവിട്ട തൊഴിലാളികളും എത്തിയപ്പോൾ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹെല്‍മറ്റ് ധരിച്ച പത്തോളം യുവാക്കള്‍ വെട്ടുകയായിരുന്നു. വെട്ടേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സമ്മതിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അടിമാലി പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭരണകക്ഷിയുടെ സ്വാധീനത്തിലാണ് ലീസിനെടുത്തവര്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് ഉടമസ്ഥര്‍ പറഞ്ഞു. ലീസിനെടുത്തവര്‍ വര്‍ഷങ്ങളായി അവിടെ ജോലി ചെയ്തിരുന്നവരെ പിരിച്ചു വിടുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതായും നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.