ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsഅടിമാലി: സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലയിലും കുറഞ്ഞ വിലയ്ക്ക് ഏത്തക്കുലകള്‍ വില്‍ക്കേണ്ടിവന്നതോടെ ഹൈറേഞ്ചില്‍ ഏത്തവാഴകൃഷി പ്രതിസന്ധിയില്‍. പ്രതികൂല കാലാവസ്ഥകൂടി വന്നതോടെ കര്‍ഷകര്‍ തളർന്നു. ഏത്തക്കുല കിലോക്ക് സര്‍ക്കാര്‍ 30രൂപയാണ് തറവില നിശ്ചയിച്ചത്. വ്യാഴാഴ്ച ഏത്തക്കായ് കിലോക്ക് 23 രൂപയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും ഗുണനിലവാരമുള്ള ഏത്തക്കയും ഹൈറേഞ്ചിലാണ് ഉൽപാദിപ്പിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഇടുക്കി ഏത്തക്കക്ക് നിരവധി ആവശ്യാക്കാരുണ്ട്.
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഏത്തക്കായ വില ഇടിയാന്‍ കാരണം. വയനാടന്‍ ഏത്തക്ക 18 രൂപക്കുവരെ ഇടുക്കിയില്‍ എത്തുന്നുമുണ്ട്. കിലോക്ക് 50 മുതല്‍ 60 രൂപ വരെ ലഭിക്കേണ്ട കായകള്ക്കുപോലും 25 രൂപയാണ് ലഭിച്ചത്. ജില്ലയില്‍ രാജാക്കാട്, രാജകുമാരി, കൊന്നത്തടി, അടിമാലി, മാങ്കുളം, വാത്തികുടി, കഞ്ഞികുഴി പഞ്ചായത്തുകളിലാണ് പ്രധാനമായും ഏത്തവാഴ കൃഷിയുള്ളത്.
16 ഇനം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓരോ ജില്ലയിലും രണ്ടോ മൂന്നോ ഇനങ്ങള്‍ക്ക് മാത്രമാണ് തറവില ലഭിക്കുന്നത്. അതതു ജില്ലയിലെ കലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് ഏത് ഇനത്തിനാണു തറവില നിശ്ചയിക്കേണ്ടതെന്ന് തീരുമാനിക്കും.
കോവിഡ് നിയന്ത്രണത്തില്‍ ഇളവുവന്നതോടെ വില്പന വർധിച്ചെങ്കിലും വില ഉയര്‍ന്നിട്ടില്ല. രണ്ടുമാസം മുമ്പ് വരെ 50ഉം 60ഉം രൂപക്കാണ് ഏത്തപ്പഴം വില്പന നടന്നത്. ഓണവിപണി പ്രതീക്ഷിച്ച് വലിയതോതില്‍ കൃഷിയും നടന്നിരുന്നു. കാറ്റിലും മഴയിലും വ്യാപകനാശം ഉണ്ടായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നൂറുകണക്കിനു കര്‍ഷകരുടെ ഏത്തവാഴ നശിച്ചുവെങ്കിലും ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ വളരെ കുറവാണ്.
സര്‍ക്കാര്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യമിട്ടു കൃഷിഭവന് വഴി വിത്തുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും കര്‍ഷകര്‍ വിത്തിടീലിന് തയാറായിട്ടില്ല. കര്‍ക്കടക മാസത്തില്‍ വെള്ളപ്പൊക്കം സാധാരണമാണ്. അതിനെ തരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കര്‍ഷകര്‍ക്ക് ഇരുട്ടടി നേരിടേണ്ടിവരും.
കര്‍ഷക വിപണികളും പൂട്ടി
അടിമാലി: ഏത്തവാഴ, പാവല്‍, പടവല്‍, പയര്‍ തുടങ്ങിയ പച്ചക്കറി കൃഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വി.എഫ്.പി.സി.കെയുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തില്‍ ഹൈറേഞ്ചില്‍ വ്യാപകമായി തുടങ്ങിയ കര്‍ഷക വിപണികളും അടച്ചുപൂട്ടി.
ഒരോ പഞ്ചായത്തിലും രണ്ട് മുതല്‍ അഞ്ചുവരെ വിപണികളാണ് തുടങ്ങിയത്. കര്‍ഷകരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സഹകരണസംഘം മാതൃകയില്‍ രജിസ്റ്റര്‍ ചെയ്താണ് വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചന്തകള്‍ നിശ്ചയിച്ച് പ്രവര്‍ത്തനമാണ് ലക്ഷ്യമിട്ടത്. കര്‍ഷകര്‍ തങ്ങളുടെ ഉൽപന്നം ഇത്തരം ചന്തകളിലെത്തിച്ച് നേരിട്ട് വില്‍ക്കുന്നതായിരുന്നു പദ്ധതി. തുടക്കത്തില്‍ ഇത് വിജയകരമായി മാറി. എന്നാല്‍, നടത്തിപ്പിന് നേതൃത്വം നല്കിയവര് അഴിമതിയും ക്രമക്കേടും നടത്തിയതോടെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാതായി. ഇതോടെ വിപണികള്‍ പതിയെ അടയുകയായിരുന്നു.
കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് നിരവധി കര്‍ഷകസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരം സമിതികളില്‍ യഥാർഥ കര്‍ഷകരില്ല. ജനപ്രനിധികളുടെയും കൃഷിഭവന് ജീവനക്കാരുടെയും ബന്ധുക്കളും അടുപ്പക്കാരും മാത്രമാണ് ഇത്തരത്തില്‍ സമിതികളിലെ അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി അനുകൂല്യങ്ങളും വിത്തുകളും വളങ്ങളും കര്‍ഷകര്‍ക്ക് നല്‍കുേമ്പാള്‍ ഇവയെല്ലാം ഇത്തരം സംഘങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.