ബാങ്ക് വായ്പ വാഗ്ദാനംചെയ്ത് വനിതകളുടെ പണം തട്ടി
text_fieldsഅടിമാലി: രാജകുമാരി കജനാപ്പാറ മേഖലയിൽ ബാങ്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തോട്ടം തൊഴിലാളികളായ വനിതകളുടെ പണം തട്ടിയെന്ന് പരാതി. സംഭവത്തിൽ രാജാക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഗ്ലോബൽ ഫിൻടെക് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആദ്യതവണ 1,300 രൂപ അടച്ചാൽ 60,000 രൂപ വരെ വായ്പ നൽകുമെന്നായിരുന്നു കമ്പനി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് കജനാപാറയിൽ എത്തിയ രണ്ടു പേർ പറഞ്ഞത്.
സ്വയം സഹായ സംഘങ്ങളുടെ മാതൃകയിൽ വനിതകളുടെ കൂട്ടായ്മ രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തിയത്. തോട്ടം തൊഴിലാളികളായ 15 വനിതകൾ 1300 രൂപ വീതം ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ആദ്യമടച്ച തുക ഇൻഷുറൻസ് പരിരക്ഷക്കുള്ള പ്രീമിയമാണെന്നും വീണ്ടും 1300 രൂപ കൂടി അടക്കണമെന്നും ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചതോടെയാണ് ചിലർക്ക് സംശയം തോന്നിയത്. തുടർന്ന് ഇവർ രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു. തട്ടിപ്പുകാർ നൽകിയ കാർഡിലുള്ള രണ്ടു ഫോൺ നമ്പറുകളിലും പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. തട്ടിപ്പിനിരയായവർ പണം അയച്ചത് മുംബൈയിലെ ബാങ്കിന്റെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.