അപകട ഭീഷണിയായി വൻമരങ്ങൾ; വെട്ടിമാറ്റാൻ നടപടിയില്ല
text_fieldsഅടിമാലി: റോഡരികിലെ ചെരിഞ്ഞുനിൽക്കുന്ന വൻമരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ഗ്രാമീണ, ദേശീയപാത റോഡുകളിൽ നൂറുകണക്കിന് മരങ്ങളാണ് അപകടസാധ്യതയുയർത്തി നിൽക്കുന്നത്. അടിമാലി ഗവ.ഹൈസ്കൂളിന് സമീപം നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. കളിസ്ഥലത്തും സ്കൂൾ മുറ്റത്തു മടക്കം മരങ്ങൾ ഏറെ ഭീഷണിയാകുന്നു. കല്ലാർ - മാങ്കുളം റോഡിൽ മഴ തുടങ്ങിയാൽ മരങ്ങൾ വീഴാത്ത ദിവസങ്ങളില്ല.
ഇതോടെ മാങ്കുളം വൈദ്യുതി ഇല്ലാതെ ഇരുട്ടിലാകും. ഇടമലക്കുടി പഞ്ചായത്തിലും സമാനമായ അവസ്ഥയാണ്. ബൈസൺവാലി പഞ്ചായത്തിൽ വേനൽ മഴ തുടങ്ങിയതിന് ശേഷം വൈദ്യുതി പൂർണമായി ലഭിച്ച ദിവസമില്ല. 20 ഏക്കർ , പൊട്ടൻ കാട് , മുട്ടുകാട് പ്രദേശങ്ങളിലാണ് സ്ഥിതി മോശം. 11 കെ.വി വൈദ്യുതി ലൈനും സപ്ലൈ കമ്പിയും കടന്നുപോകുന്നതു മരത്തിനടിയിലൂടെയാണ്. വനംവകുപ്പിന്റെ അനുവാദം കിട്ടാത്തതിനാൽ മരം മുറിച്ചുനീക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ദീർഘദൂര ബസുകൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. മുമ്പ് പലതവണ റോഡിലേക്കു മരക്കമ്പ് ഒടിഞ്ഞുവീണിട്ടുണ്ട്. തലനാരിഴ വ്യത്യാസത്തിനാണ് ദുരന്തം ഒഴിവായത്. താലൂക്ക് വികസന സമിതിയിൽ പലതവണ ആവശ്യമുയർന്നിരുന്നു. വനംവകുപ്പ്, മരാമത്ത് അധികൃതരോട് ഉചിത നടപടിയെടുക്കാൻ പറഞ്ഞിട്ടും നടപടിയില്ല. ചിന്നക്കനാൽ, വട്ടവട പഞ്ചായത്തുകളിലും വേനൽ മഴ തുടങ്ങിയതോടെ സ്ഥിതി മോശമായി. വൈദ്യുതി പതിവായി മുടങ്ങിയതോടെ വ്യാപാരികളും വിദ്യാർഥികളും ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.