മലയോര മേഖലയിൽ വല വിരിച്ച് ബ്ലേഡ് മാഫിയ
text_fieldsഅടിമാലി: ഓപറേഷൻ കുബേരയുടെ കാലത്ത് ഒതുങ്ങിയ ബ്ലേഡ് മാഫിയ മലയോര മേഖലയിൽ വീണ്ടും സജീവം. കാർഷിക മേഖലയിലെ വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും തീർത്ത പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കുരുക്കി ഊറ്റിയെടുക്കുകയാണ് കഴുത്തറപ്പൻ കൊള്ളപ്പലിശ സംഘങ്ങൾ. കർഷകരുടെയും സാധാരണക്കാരുടെയും ദയനീയ സാഹചര്യം മുതലെടുക്കുകയാണ് ഇക്കൂട്ടർ. മാസപ്പലിശക്കാർ മുതൽ ഓൺലൈൻ ലോൺ ആപ് തട്ടിപ്പുകാർവരെ കളം നിറഞ്ഞ് കളിക്കുകയാണ്. നൂറുകണക്കിനു ചെറുകിട വ്യാപാരികൾ പലിശയിനത്തിൽ മുതലിന്റെ ഇരട്ടിയിലധികം തിരികെ നൽകിയിട്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യ മുനമ്പിലാണ്. മിക്കയിടത്തും ബിനാമി ഇടപാടുകളായാണ് പണത്തിന്റെ വിതരണം.
പലിശയും മുതലും പിരിക്കാൻ ഏൽപിച്ചിരിക്കുന്നത് ക്രിമിനൽ സംഘങ്ങളെയാണ്. എത്രകൊടുത്താലും തീരാതെ പലിശ പെരുകിക്കൊണ്ടിരിക്കും. ഈടായി വാങ്ങിയ ഭൂമിയും വീടും വ്യാപാര സ്ഥാപനങ്ങളും ബ്ലേഡ് മാഫിയ സ്വന്തമാക്കുന്നതും സ്ഥിരം കാഴ്ച. വായ്പ തിരിച്ചുനൽകാനാകാതെ ഭീഷണി ഭയന്ന് ജീവനൊടുക്കിയവരുമുണ്ട്. കണക്കിൽപെടാത്ത പണമാണ് ഇത്തരത്തിൽ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്.
ഒരു മാസത്തേക്ക് പലിശ നിശ്ചയിച്ചു നൽകിയാണ് ഇവർ പണം നൽകുന്നത്. 10 മുതൽ 30 ശതമാനം വരെ ആവശ്യക്കാരന്റെ സാഹചര്യം നോക്കിയാണു പലിശ നിരക്ക്. 100 ദിവസംകൊണ്ട് തിരിച്ചടക്കേണ്ട ദിവസപ്പിരിവ് വായ്പയുമുണ്ട്. 9000 രൂപ വായ്പയെടുക്കുന്നവർ 100 ദിവസംകൊണ്ട് 13,000 രൂപവരെ നൽകണം. ഇത് ഒന്നോ രണ്ടോ ആവർത്തി കഴിഞ്ഞാൽ വലിയ ബാധ്യതയിൽ ഇടപാടുകാരൻ എത്തും. പിന്നെ ഭീഷണിയും മറ്റും തുടരും. സ്വർണം പണയം വെച്ചും കിടപ്പാടം വിറ്റും ഭൂരിഭാഗവും ബാധ്യതയിൽനിന്ന് രക്ഷപ്പെടും. പ്രതിദിനം പിരിവുമായി പണം പലിശക്ക് കൊടുക്കുന്ന തമിഴ്നാട് സംഘങ്ങളും സജീവമാണ്. ആദ്യം 5000 രൂപ വായ്പ നൽകിയാണ് ഇവർ ഇടപാടുകാരനെ പരീക്ഷിക്കുക. തവണ മുടങ്ങിയാൽ എണ്ണം കൂടും. സംസാരം മാറും. വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യും. ആളുകൾ മുന്നിൽ വരാതെ ഓൺലൈൻ വാഗ്ദാനം വഴി ഇടപാടുകാരെ ആകർഷിച്ച് പണം വായ്പ നൽകും. ആദ്യം, ഇത്ര ലക്ഷം രൂപ വായ്പ പാസായി എന്നായിരിക്കും അറിയിപ്പ്. പിന്നാലെ വാഹനത്തിൽ എത്തി പരിശോധന. തുടർന്ന് എല്ലാ രേഖകളും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും ഉൾപ്പെടെ കൈവശപ്പെടുത്തും. തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ വ്യക്തിഗത വിവരങ്ങളും മറ്റും ഉപയോഗപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.