വരുമാനം കുറയുന്നു; കാലി വളർത്തലിൽനിന്ന് കർഷകർ പിന്മാറുന്നു
text_fieldsഅടിമാലി: തീറ്റപ്പുല്ല് സുലഭമായിട്ടും മലയോരത്തെ ക്ഷീര കർഷകർ കന്നുകാലി വളർത്തലിൽനിന്നു പിൻവലിയുന്നു. വിവിധ രോഗങ്ങളും അടിക്കടി കാലിത്തീറ്റ വില വർധിക്കുന്നതും പാലിന് ന്യായവില ലഭിക്കാത്തതും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതുമാണ് കാരണം.
ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പ്രവർത്തനം സ്വന്തം നിലനിൽപിനപ്പുറം വരാത്തതും കൃത്യമായി അളക്കുന്ന പാലിന് വില ലഭിക്കാതെ വന്നതോടെ കാലിവളർത്തൽ ഉപജീവനമാക്കിയവരെല്ലാം ഉരുക്കളെ വിറ്റഴിക്കാൻ തുടങ്ങിയതോടെ ക്ഷീര സംഘങ്ങളുടെ നിലനിൽപും പരുങ്ങലിലായി. പല സംഘങ്ങളിലും പ്രാദേശിക വിൽപനക്കുള്ള പാലുപോലും കിട്ടാത്ത അവസ്ഥയാണ്. കാലികളെ ഒഴിവാക്കിയതോടെ കൃഷിയിടങ്ങളിൽ പുല്ല് തഴച്ചുവളരുകയാണ്. യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടിക്കളയുകയാണ് എല്ലാവരും. ഇതോടെ കാടുവെട്ടൽ രംഗത്തേക്ക് പലരും കടന്നുവരാൻ തുടങ്ങി.
രണ്ട് പശുക്കളെ വളർത്തുന്ന കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കർഷകരുടെ നിരന്തര ആവശ്യം അധികൃതർ പരിഗണിക്കാത്തതും കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ മറ്റൊരു കാരണമായി. ഒരുലിറ്ററിന് 52 രൂപ വിലയുള്ളപ്പോൾ ക്ഷീര സംഘങ്ങളിൽ പാൽ കൊടുത്താൽ കർഷകന് ലഭിക്കുന്നത് ശരാശരി 40 രൂപ വരെ മാത്രമാണ്. ജില്ലയിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ ചിലതിൽ പാൽ അളന്നതിന്റെ പണം സമയബന്ധിതമായി കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ചില സംഘങ്ങളിൽ മാസത്തിൽ രണ്ടു തവണയായാണ് പണം കൊടുത്തുവരുന്നത്. ചില സംഘങ്ങൾ മാസത്തിലെ 10, 20, 30 തീയതികളിൽ പണം കൊടുക്കുന്നുണ്ട്. മിൽമയിൽനിന്ന് 10 ദിവസത്തിനകംതന്നെ തുക കൈമാറുന്നുണ്ടെന്ന് കർഷകർ പറയുന്നു. പണം കിട്ടാൻ വൈകുന്നത് പാൽ വിൽപനകൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കർഷകരെ കാര്യമായി ബാധിക്കുന്നുണ്ട്. കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ, വയ്ക്കോൽ എന്നിവ സമയാസമയം വാങ്ങാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്.
ചുരുക്കം ചില സംഘങ്ങൾ വരവുചെലവ് കണക്ക് പൊതുയോഗത്തിൽ അവതരിപ്പിക്കാതെയും ഓഡിറ്റ് ചെയ്യിക്കാതെയുമുണ്ടെന്നും കർഷകർ പറയുന്നു. പശുവളർത്തലിലും പാൽ ഉൽപാദനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവു വന്നിട്ടുണ്ടെന്നും കഴിഞ്ഞ വർഷം രണ്ടുലക്ഷം ലിറ്റർ പാൽ 193 സംഘങ്ങൾ വഴി അളന്നിരുന്നു. എന്നാൽ, ഇപ്പോൾ 1.5 ലക്ഷം ലിറ്റർ പാലിൽ താഴെയാണ് അളക്കുന്നത്. വളരെക്കാലം പാലുൽപാദനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇടുക്കി. ഇത് നാലാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.