പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർനിർമിച്ചില്ല
text_fieldsഅടിമാലി: പ്രളയത്തിൽ തകർന്ന കാഞ്ഞിരവേലി-മണിയമ്പാറ തൂക്കുപാലം പുനർനിർമാണത്തിന് നടപടിയില്ല. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. പുതിയ പാലം നിർമിക്കാൻ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് റീബിൽഡ് കേരളയിൽ പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. 2010ൽ ജില്ല പഞ്ചായത്ത് 46 ലക്ഷം രൂപ മുടക്കിയാണ് പെരിയാറിന് കുറുകെ ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരവേലി-മണിയമ്പാറ തൂക്കുപാലം നിർമിച്ചത്.
കാഞ്ഞിരവേലി ഒറ്റപ്പെട്ട ഗ്രാമ പ്രദേശമാണ്. കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഇവിടുത്തുകാർക്ക് പരാതികളും എണ്ണിയാലൊടുങ്ങാത്തത്രയാണ്. കാട്ടാന ആക്രമണങ്ങളും വിള നശിപ്പിക്കലും നിത്യസംഭവമാണ്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കാഞ്ഞിരവേലി. നേര്യമംഗലം പാലം കടന്ന് വരുമ്പോൾ കാഞ്ഞിരവേലി റോഡിലൂടെ ഈ ഗ്രാമത്തിലേക്കെത്താം. കാഞ്ഞിരവേലിയിൽ നിന്ന് നേര്യമംഗലത്ത് എത്തുന്നതിന് അഞ്ചു കിലോമീറ്റർ ദൂരമാണ് റോഡ് മാർഗം ഉള്ളത്. രണ്ടു കിലോമീറ്റർ റോഡ് ടാറിങ് നടത്തിയെങ്കിലും, തുടർന്നുള്ള റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്കരമാണ്. കാഞ്ഞിരവലിയിൽ നിന്ന് പുഴ കടന്ന് മണിയമ്പാറയിലെത്താൻ ജനങ്ങൾക്ക് ആശ്രയമായിരുന്നത് തൂക്കുപാലമായിരുന്നു. ഈ സാഹചര്യത്തിൽ തകർന്ന തൂക്കുപാലം പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.