ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു
text_fieldsഅടിമാലി: ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ കിലോക്ക് 50 രൂപയിലേറെയാണ് വർധിച്ചത്. വ്യാഴാഴ്ച ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ 143 മുതല്‍ 155 രൂപവരെയാണ് വില. ഒരുമാസം മുമ്പ് 90 രൂപയായിരുന്ന വിലയാണ് കുതിച്ചുയര്‍ന്നത്.
320 രൂപ വിലയുണ്ടായിരുന്ന ബീഫിനും പലയിടങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്. 340 രൂപ മുതലാണ് ബീഫ് വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയര്‍ന്നത്. ഫാമുകളില്‍ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജില്ലയില്‍ വില്‍ക്കുന്ന ഇറച്ചിക്കോഴിയിലേറെയും തമിഴ്നാട്ടില്നിന്നുള്ളതാണ്.
തമിഴ്നാട്ടിലെ വ്യാപാരികള്‍ വില നിശ്ചയിക്കുന്നതിന് ആനുപാതികമായി ഇവിടെയും വില വര്‍ധിക്കും. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം ഇറച്ചിക്കോഴി വില കിലോക്ക് 80 രൂപയും ഇറച്ചിക്ക് 140 രൂപയുമായിരുന്നു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും വ്യാപാരികള്‍ പറയുന്നു. മൂന്നു മുതല്‍ അഞ്ചു ടണ്‍വരെ ഇറച്ചിക്കോഴി അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ എത്തുന്നതായാണ് കണക്ക്. തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പേട്ട, പല്ലടം, നാമക്കല്‍ എന്നിവിടങ്ങളില്‍നിന്നാണ് മുഖ്യമായും കൊണ്ടുവരുന്നത്. വില ഉയര്‍ന്നതോടെ വ്യാപാരവും കുറഞ്ഞതായി കോഴിഫാം ഉടമകളും പറഞ്ഞു.
ഹോട്ടലുകളിലും തട്ടുകടകളിലും ഇറച്ചി ഉൽപന്നങ്ങള്ക്ക് വില ഉയര്‍ന്നു. പ്ലേറ്റിന് 30 മുതല്‍ 40 രൂപവരെയാണ് കൂടിയത്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന അടിമാലി, മൂന്നാര്പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യത്യസ്ത വില ഈടാക്കുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.