ഏലക്കയുടെ പണം നൽകിയില്ല; വ്യാപാരിയുടെ വീടിന് മുന്നില്‍ കർഷകന്റെ നിരാഹാരം
text_fieldsഅടിമാലി: ഏലക്ക വാങ്ങിയ പണം നല്‍കാത്തതിനെത്തുടർന്ന് വ്യാപാരിയുടെ വീടിന് മുന്നില്‍ നിരാഹാര സമരം നടത്തി കര്‍ഷകന്റെ പ്രതിഷേധം. രാജകുമാരി ഖജനപ്പാറയിലെ വ്യാപാരിയുടെ വീടിനു മുന്നില്‍ കട്ടപ്പന സ്വദേശി എബ്രഹാം ജോണാണ് രണ്ടുദിവസമായി നിരാഹാരം തുടരുന്നത്.
കട്ടപ്പന ആര്യമണ്ണില്‍ എബ്രഹാം ജോണ്‍ കഴിഞ്ഞ വര്‍ഷമാണ് ഏലക്ക കച്ചവടക്കാരനായ ഖജനാപ്പാറ സ്വദേശി രാജാങ്കത്തിന് ഏലക്ക നല്‍കിയത്. 1839 കിലോയാണ് വില്പന നടത്തിയത്. വിലയിനത്തിൽ 10 ലക്ഷത്തിലധികം രൂപ രാജാങ്കം ഇനിയും എബ്രഹാമിന് നല്‍കാനുണ്ട്. എന്നാല്‍, ഇയാള്‍ മുടന്തുന്യായങ്ങള്‍ പറഞ്ഞ് പണം നൽകാതെ എബ്രഹാമിനെ കബളിപ്പിച്ചതായാണ് പരാതി.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ പലവട്ടം സന്ധിസംഭാഷണം നടത്തിയെങ്കിലും പറഞ്ഞ സമയത്ത് പണം നൽകാതെ രാജാങ്കം ഒഴിഞ്ഞുമാറി. തമിഴ്നാട്ടിൽ വീടുള്ള ഇയാൾ പലപ്പോഴും അവിടെയാണ് താമസം. രാജാങ്കത്തിന്റെ ഏലത്തോട്ടത്തിലെ കായ് എടുക്കുമ്പോൾ പണം നൽകാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് രണ്ട് വണ്ടിചെക്ക് നൽകി കബളിപ്പിച്ചെന്നുമാണ് പറയുന്നത്.
എബ്രഹാം രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. പണം ലഭിച്ചില്ലെങ്കിൽ വീട്ടുപടിക്കൽ മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് എബ്രഹാം ജോണ്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.