ഏലക്ക മോഷണം: മകൻ അറസ്റ്റിൽ; അച്ഛൻ ഒളിവിൽ
text_fieldsഅടിമാലി: അച്ഛനും മകനും ഏലക്ക മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽനിന്ന് ഈമാസം 17ന് രാത്രി മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന മൂന്നുചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) അറസ്റ്റിലായത്. വിപിനും പിതാവ് ബിജുവും ചേർന്നാണ് മോഷണം നടത്തിയത്. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറിൽനിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു.
കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിക്കുകയും പേത്തൊട്ടിയിൽനിന്ന് ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പരിശോധനക്കെത്തിയ ശാന്തൻപാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് കണ്ടു. പൊലീസിനെ കണ്ടയുടൻ പ്രതി ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാൾ ഉപേക്ഷിച്ച ബാഗിൽനിന്നാണ് പേരും വിലാസവും പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് വെള്ളത്തൂവൽ പവർഹൗസ് ഭാഗത്തുനിന്ന് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.