കെട്ടിട നിർമാണം പൂർത്തിയായി; അടിമാലിയിൽ എന്നുവരും കാത്ത് ലാബ്?
text_fieldsഅടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച കാത്ത് ലാബ് അനിശ്ചിതാവസ്ഥയിൽ. സർക്കാർ ഫണ്ട് അനുവദിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും കാത്ത് ലാബ് തുടങ്ങാൻ ആകെ കിട്ടിയത് ആധുനിക സൗകര്യമുള്ള അഞ്ച് ബെഡ് മാത്രം. ഇപ്പോൾ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒ.പി അടക്കം ഈ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ സ്ഥലപരിമിതിയുടെ പേരിൽ കാത്ത് ലാബ് അട്ടിമറിക്കാനും നീക്കം നടത്തുന്നു.
കാത്ത് ലാബിന് പുറമെ നേത്ര സംബന്ധമായ ഓപറേഷൻ തിയറ്ററും എക്സ്-റേ യൂനിറ്റും ഈ കെട്ടിടത്തിൽ തുടങ്ങുമെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. ആവശ്യമായ പുതിയ സാധന സാമഗ്രികളും എത്തിയിട്ടുണ്ടെങ്കിലും ഇവ സ്ഥാപിക്കുന്നില്ല. വൈദ്യുതി ലഭ്യമാകാത്തതടക്കം നിസ്സാര തടസ്സങ്ങൾ പറഞ്ഞാണിത്. നാല് നിലകളോടെ നിർമിച്ച കെട്ടിടത്തിന് ഫയർ എൻ.ഒ.സിയും ലഭ്യമായിട്ടില്ല. റാമ്പ് സൗകര്യം ഇല്ലാത്തതാണ് ഫയർ എൻ.ഒ.സിക്ക് തടസ്സം. ഇതല്ലെങ്കിൽ കെട്ടിടത്തിന് ചുറ്റും വാഹനം ഓടിക്കാൻ സൗകര്യം ഒരുക്കണം. നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഓപറേഷൻ തിയറ്റർ പൊളിച്ചുമാറ്റി വാഹനം സഞ്ചരിക്കാൻ സൗകര്യം ഉണ്ടാക്കാമെന്നാണ് ആശുപത്രി വികസന സമിതിയും ബ്ലോക്ക് പഞ്ചായത്തും നിർദേശം വെച്ചത്.
പുതിയ ഓപറേഷൻ തിയറ്റർ നിർമിക്കുന്നതുവരെ രോഗികളെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാമെന്ന നിർദേശവും ഇവർ വക്കുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും ചില ഭരണപക്ഷ രാഷ്ട്രീയക്കാരുമാണ് കാത്ത് ലാബിന് മുഖ്യതടസ്സമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ മറ്റ് സർക്കാർ ആശുപത്രികൾക്ക് നൽകാത്ത പരിഗണ അടിമാലി താലൂക്ക് ആശുപത്രിക്ക് നൽകുമ്പോൾ തന്നെയാണ് അട്ടിമറി നീക്കവും. ബ്ലഡ് ബാങ്ക്, ഡയാലിസിസ്, യൂനിറ്റ്, സ്കാനിങ് യൂനിറ്റ്, എക്സ്-റേ, ആധുനിക ലാബ്, മാതൃ ശിശു സംരക്ഷണ വിഭാഗം എന്നിവ ഇവിടെയുണ്ട്. എന്നാൽ, ഇവയിൽ പ്രവർത്തനക്ഷമായതൊന്നും ഇല്ലെന്നതാണ് വസ്തുത. അടിമാലിയിൽ സ്വകാര്യ ലാബ് നടത്തിപ്പുകാരുടെ ഇടപെടലും ഇതിന് പിന്നിലുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളുടെ അധീനതയിലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള മണ്ഡലമാണ് ദേവികുളം. ഇതിനാലാണ് അത്യാതുനിക സൗകര്യങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയെ തേടിയെത്തുന്നത്. എന്നാൽ, എല്ലാം അട്ടിമറിക്കപ്പെടുന്നു. 1996ൽ ജീവനക്കാരുടെ ക്വർട്ടേഴ്സിനോട് ചേർന്ന് ബ്ലഡ് ബാങ്കിന് കെട്ടിടം നിർമിക്കുകയും ഉപകരണങ്ങൾ ഇറക്കുകയും ചെയ്തു. എന്നാൽ, ഉദ്ഘാടനവും പ്രവർത്തനവും തടസ്സപ്പെട്ടു. സർക്കാർ രണ്ടാമതും ബ്ലഡ് ബാങ്ക് അനുവദിക്കുകയും പുതിയ ഉപകരണങ്ങളും എത്തിച്ചു. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് സ്ഥാപിക്കാൻ നടപടിയായിട്ടില്ല.
കാത്ത് ലാബിന് ബ്ലോക്ക് പഞ്ചായത്ത് നൽകിയ തുക എവിടെ?
അടിമാലി: താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങാൻ ഉപകരണങ്ങൾ വാങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് നൽകിയ തുക എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല.
171/ 2024ൽ മെയിന്റനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2023 മാർച്ച് 17ന് തുക കൈമാറി നൽകി. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ പേരിലാണ് ബിൽ നൽകിയത്. ഈ തുകയുടെ ഉപകരണങ്ങൾ എത്തിയതായി ആശുപത്രി സൂപ്രണ്ടിന് അറിവില്ല. സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്തിനും മിണ്ടാട്ടമില്ല.
ഓഡിറ്റ് വിഭാഗം ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെങ്കിലും മറുപടി നൽകിയിട്ടില്ല. അതുപോലെ മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ലെന്നിരിക്കെ ഇതിന്റെ പേരിലും 5,00,000 രൂപ വകമാറ്റിയെടുത്തതും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം എൻ.ഒ.സി ഇല്ലാതെ -ബ്ലോക്ക് പഞ്ചായത്ത്
അടിമാലി: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന ക്രമീകരണങ്ങൾ പൂർത്തിയാകാതെയാണ് ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പാർലമെന്ററി പാർട്ടി ലീഡർ ജോർജ് തോമസ് എന്നിവർ പറഞ്ഞു. കെട്ടിടത്തിന് ആവശ്യമായ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. താൽക്കാലിക അംഗീകാരം ലഭ്യമാകുമെന്നാണ് എം.എൽ.എ പറയുന്നത്. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാതെ ഉദ്ഘാടനം നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഉത്തരവാദിയായിരിക്കില്ലെന്നും ഇവർ പറഞ്ഞു.
ഡയാലിസിസ് യൂനിറ്റ് ബ്ലഡ് ബാങ്ക് ഇല്ലാതെ പ്രവർത്തിക്കുന്നത് ഗുണകരമാവില്ല. മാത്രമല്ല അടിമാലിയിൽ അനുവദിച്ച കാത്ത് ലാബിന്റെ അനുമതി സംബന്ധിച്ച വിവാദവും നിലനിൽക്കുന്നു. കാത്ത് ലാബിന് ആവശ്യമായ കെട്ടിട സൗകര്യം പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഉപകരണങ്ങൾ അടക്കം മറ്റ് ആവശ്യങ്ങൾക്കായി 9.3 കോടി രൂപ കൂടി ആവശ്യമാണ്. പ്രോജക്ട് ഡി.എം.ഒ വഴി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിനും വ്യക്തത വരുത്താൻ സർക്കാറിനോ എം.എൽ.എക്കോ കഴിഞ്ഞിട്ടില്ല.
താലൂക്ക് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് 30 ശതമാനം നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും മറ്റു പ്രവർത്തനങ്ങളും നടത്തിവരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി നടത്തുന്ന ഏതൊരു ശ്രമത്തെയും അംഗീകരിക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. പ്രസിഡന്റ് ഷാന്റ് ബേബി, സി.കെ. പ്രസാദ്, എം.എ. അൻസാരി, കെ. കൃഷ്ണമൂർത്തി, ബിന്ദു എന്നിവരും ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.